
ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിന് ആറ് കേന്ദ്ര മന്ത്രിമാരെ കിട്ടുന്നത്. കേരളത്തിലെ കോൺഗ്രസ്സിനും കേരളത്തിനും അഭിമാനിക്കാവുന്ന നേട്ടം. എ.കെ. ആന്റണി പ്രതിരോധം ക്യാബിനെറ്റ് റാങ്ക്, വയലാർ രവി പ്രവാസികാര്യം ക്യാബിനെറ്റ് റാങ്ക്, കൂടാതെ നാല് സഹമന്ത്രിമാർ. ഇ. അഹമ്മദ് റെയിൽവേ, മുല്ലപ്പള്ളി രാമചന്ദ്രൻ ആഭ്യന്തരം, കെ.വി തോമസ് കൃഷി, ഉപഭോതൃകാര്യം, ഭക്ഷ്യം, പൊതുവിതരണം. ശശിതിരൂർ വിദേശകാര്യം.
കേന്ദ്രവിഹിതത്തിന്റെ കാര്യത്തിൽ കേരളത്തെ എന്നും തഴഞ്ഞ ചരിത്രമാണ് ഉള്ളത്, ഇത്തവണ അങ്ങനെ സംഭവിച്ചാൽ കുരിശ്ശിലേറാൻ വിധിക്കപ്പെട്ടവർ ആണ് ഈ ആറിലെ ചിലതലകൾ. അതിൽ ഏറ്റവും മുമ്പൻ കെവിതോമസ്സ് ആണ്. പിന്നെ ഈ അഹമ്മദ്, വയലാർ രവി. ശശിതരൂർ തുടങ്ങിയവർ ഇതിൽ പരുക്കുകൾ കൂടാതെ രക്ഷപെടാൻ പറ്റുന്നത് എ.കെ ആന്റണിക്ക് മാത്രം. ഈ ചെറിയമനുഷ്യൻ കേരളത്തിന്റെ വികസനത്തിന് കഴിഞ്ഞ മൂന്ന് വർഷം കഠിന പരിശ്രമം നടത്തി എന്നത് കണ്ടില്ല എന്ന് പറയുന്നത് നീതിക്ക് നിരക്കാത്തതാണ്, പ്രതിരോധ വകുപ്പിന്റെ കീഴിൽ ഇവിടെ നല്ല നിക്ഷേപം അദ്ദേഹത്തിന്റെ പരിശ്രമ ഫലമായി ഉണ്ടായി.
ഈ ഊഴം, ശ്രീ കെവി തോമസ്സിനും, ശ്രീ ഇ. അഹമ്മദിനും ആണ്, ഭക്ഷ്യവിതരണത്തിന്റെ കാര്യത്തിൽ കേരളം എന്നും കേന്ദ്രത്തിന്റെ അവഗണന ഏറ്റുവാങ്ങുന്ന സംസ്ഥാനമാണ്. കോൺഗ്രസ്സ് മൌനമായും ഇടതുപക്ഷം ശബ്ദം വച്ചും അംഗീകരിക്കുന്ന കാര്യമാണ് ഇത്, പവാറിന്റെ അരി രാഷ്ട്രീയം ഇത്തവണ ഏശുമോ എന്ന് കണ്ടറിയണം. അർഹമോ അനർഹമോ ആയ വിഹിതം നേടാനായില്ലങ്കിൽ, അടുത്ത പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ തല്ലാൻ കിട്ടുന്ന ഏറ്റവും നല്ല ആയുധമായിരിക്കും കെ.വി. തോമസ്സിന്റെ വകുപ്പ് അത് ശരിയായ രീതിയിൽ ഇടതുപക്ഷം ഉപയോഗിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട.
കഴിഞ്ഞ യൂ.പി.എ സർക്കാരിന്റെ മന്ത്രിസഭയിലെ ഏറ്റവും തിളങ്ങിയ വകുപ്പായിരുന്നു റെയിൽവേ. അതിന്റെ സാരഥി ആയിരുന്ന ലല്ലു പ്രസാദ് യാദവ് എന്ന ബീഹാർ സ്വദേശിയും. ആകെ ഉള്ളറെയിൽവേ ബഡ്ജറ്റിന്റെ സിംഹഭാഗവും വേലുവും, ബാലുവും വീതിച്ച് തമഴ്നാട്ടിലേയ്ക്കും, ബീഹാറിലേയ്ക്കും കൊണ്ടുപോകുമായിരുന്നു എന്നിരുന്നാലും, ഈ വകുപ്പിനെ ലാഭത്തിലാക്കാൻ ശ്രീ ലാലുവിന് കഴിഞ്ഞു എന്നത് അഭിനന്ദനാർഹമായ കാര്യം തന്നെ. ഇത്തവണ മമതാ ബാനർജി റെയിൽവേ വകുപ്പിന്റെ കാര്യാലയം തന്നെ കൽക്കട്ടയിലേയ്ക്ക് മാറ്റി, ഇതും ചരിത്രത്തിൽ ആദ്യ സംഭവം ഒരു കേന്ദ്രമന്ത്രി തന്റെ കാര്യാലയത്തിന്റെ ചുമതല ഇന്ദ്രപ്രസ്ഥത്തിന് പുറത്ത്വച്ച് നിർവഹിക്കുന്നത്. ലല്ലുവും, ബാലുവും, വീതം വച്ചതിന്റെ മിച്ചം മറ്റ് സംസ്ഥാനങ്ങൾക്ക് കിട്ടുമായിരുന്നെങ്കിൽ ഇവിടെ എന്തുസംഭവിക്കും എന്നത് മമതയ്ക്ക് പോലും അറിയില്ല. “ മിച്ച്മുള്ളത് നക്കിയാൽ മതി “ എന്ന കിലുക്കത്തിലെ വാചകം പോലകുമോ എന്ന് കാത്തിരുന്നു കാണാം. വർഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യമാണ് കേരളത്തിന് മാത്രമായ് ഒരു പ്രത്യേക റെയിൽവേസോൺ. ഇതുവരെ അംഗീകരിക്കാതിരുന്ന ഈ ആവശ്യം ഇ അഹമ്മദിന് സാക്ഷാത്ക്കരിക്കാൻ കഴിയുമോ എന്നും കണ്ടറിയേണ്ടിയിരിക്കുന്നു കൂടാതെ മുടങ്ങിക്കിടക്കുന്ന നിരവധി റെയിൽവേ വികസന പദ്ധതികളും ജീവൻവയ്ക്കും എന്ന് കരുതാം.
കേരളത്തിന്റെ സമ്പത്ത്ഘടയുടെ മുഖ്യശില്പികളായ പ്രവാസി മലയാളികൾക്ക്, കേൾക്കാൻ എങ്കിലും ആശ്വസമുള്ള വകുപ്പാണ് പ്രവാസികാര്യം ഇത്തവണയും അത് ശ്രീമാൻ വയലാർ രവിതന്നെ കൈകാര്യം ചെയ്യുന്നു. പ്രവാസികളെ കൊള്ളാടിക്കുന്ന വിമാന കമ്പനികളേയും, എയർപോർട്ട് ജീവനക്കാരേയും നിലയ്ക്ക് നിർത്താൻ ശ്രീമാൻ രവിയ്ക്ക് ആകുമോ എന്നത് സംശയമാണെങ്കിലും, ഉപകാരപ്രതമായ് എന്തെങ്കിലും പ്രവാസികൾക്ക് പ്രതീക്ഷിക്കാം, തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട് നമ്മുടെ തൊഴിലാളികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ചില ഗൾഫ് രാജ്യങ്ങളുമായി കരാറിൽ ഏർപ്പെടാൻ സാദിച്ചത് അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ പെടുത്താം. എല്ലാം കൊണ്ടും ഇത്തവണ കേരളത്തിന്റെ വളർച്ചയ്ക്ക് വകനൽകുന്ന അന്തരീക്ഷമാണ് കേന്ദ്രത്തിൽ ഉള്ളത്, ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീർ കണ്ടാൽ മതി എന്ന മനോവിചാരം നമ്മുടെ രാഷ്ട്രീയക്കാർക്ക് ഉണ്ടാകിതിരുന്നാൽ!!!!
3 comments:
ഇനിയത്തെ പ്രശ്നം വികസനത്തിന്റെ ക്രഡിറ്റ് ആര് കൊണ്ടുപോകും, എൽ.ഡി.എഫോ അതോ യൂ..ഡി.എഫോ ??? അവന് കൊടുക്കുന്നതിന്റെ ഇരട്ടി എനിക്ക് എന്ന് ശാഠ്യക്കാരന് തന്റെ ഒരു കണ്ണ് പോയാൽ മറ്റവന് അതിന്റെ ഇരട്ടി കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്ന ആ പഴയ പാഠമാകുമോ നമ്മുടെ “ വികസന സ്വപ്നം” ….
തരൂരിനെ വിട്ടു പോയി..വിശകലനത്തില്...
ആദ്യമൊന്നു പേര് പറഞ്ഞെ ഉള്ളല്ലോ.. :)
വിട്ടുപോയതല്ല., വിദേശകാര്യത്തിൽ കേരളത്തിന്റെ “സ്വാർത്ഥതയ്ക്ക്” വല്ല്യ സ്ഥാനം ഇല്ല പിന്നെ “തിരോന്താരം“ കാരുടെ സ്വപ്നമായ ഹൈക്കോടതി ബഞ്ച്...( തട്ടുകടക്കാർക്ക് അല്പം കച്ചവടം കിട്ടുമല്ലോ) ഇല്ലെങ്കിൽ ഒരു സ്റ്റൂൾ എങ്കിലും സംഘടിപ്പിക്കും എന്ന് കരുതാം പക്ഷേ ഈ കുറിപ്പ് ഇതിനെ “കുരിശ്ശിലേറാൻ വിധിക്കപ്പെട്ടവർ ആണ് ഈ ആറിലെ ചിലതലകൾ. :) “ കുറിച്ച് ആയിരുന്നു, അഭിപ്രായം അറിയിച്ചതിന് നന്ദി...
Post a Comment