Sunday, June 21, 2009

ജനാധിപത്യത്തെ വ്യഭിചരിക്കുന്ന, കോൺഗ്രസ്സ്

ചങ്ങനാശ്ശേരിയിൽ നിന്നു പറയുന്നത് അനുസരിക്കാൻ നായന്മാർ തീരുമാനിച്ചാൽ അതുമാത്രമേ കേരളത്തിൽ നടപ്പാകുകയുള്ളു. എന്ന് ആക്രോശിക്കുന്ന നിയമസഭാ സാമാജികന്മാർ ജനാധിപത്യത്തിന് തന്നെ അപമാനമാണ്. അത്തരം ജൽപ്പനങ്ങളുടെ തുടർ വർത്തമാനം ആണ് കോൺഗ്രസ്സ് എന്ന ദേശീയ കക്ഷിക്ക് ഒരു ജാതി സംഘടനയുടെ അന്ത്യശാസനത്തിൽ എത്തിച്ചത്. കുഞ്ഞുഞ്ഞുന്റെയും, ചെന്നിത്തലയുടേയും മുട്ടിടിച്ചു, ഇടിക്കണമല്ലോ, അങ്ങനല്ലെ സംഗതികളുടെ കിടപ്പ്, നാത്തൂന്റെ കണ്ണീർ കാണാൻ ആങ്ങളയെ കുരുതികൊടുക്കാനും തയ്യാറാവുന്ന കോൺഗ്രസ്സിന്റെ രാഷ്ട്രീയ വ്യഭിചാരം അതിന്റെ ശിക്ഷഎന്നോണം ഇത്തരം ശനിപാതങ്ങൾ തലയിൽ പതിക്കുന്നത്, ലോക്സഭാതിരഞ്ഞെടുപ്പ് നിശബ്ദമായ രണ്ടാം വിമോചനസമരം ആണെന്ന് ഉദ്ഘോഷിക്കാൻ യാതൊരു ഉളുപ്പിമില്ലായിരുന്നു ഉഞ്ഞൂഞ്ഞിന്, സാമുതായിക സംഘടനകളുടെ കാൽനക്കാൻ നടക്കുന്ന അല്പ്ന്മാർകിട്ടാവുന്ന മിനിമം ഡോസ് ആണ് സുകുമാരൻ നായരും, പണിക്കർ സാറും നൽകിയത്. തമിഴ്നാട്ടിൽ പയറ്റിത്തെളിഞ്ഞ ജാതികച്ചി കളി കേരളത്തിലും പിറവി എടുക്കുന്നത് കാണുമ്പോൾ ജനാധിപത്യ കേരളം പാതാളം വരെ താഴുന്നു. നായരുടെ വോട്ട് കാണിച്ച് ഉമ്മാക്കി കാണിക്കുന്ന, പണിക്കർ സാറും, ഈഴവനെ തോളിലേറ്റി എത്തുന്ന നടേശൻ ചേട്ടനും, കുഞ്ഞാടുകളെ കോർത്തിണക്കി വിമോചന സമരാഭാസത്തിന് മുതിരുന്ന പാതിരിപടയും ജാതികച്ചിയുടെ നൂതന ഭാവങ്ങൾ തന്നെ. മുഹമ്മദീയൻ പിന്നെ പല തട്ടിലാണ്, അവരും സമ്മർദ്ധ രാഷ്ട്രീയത്തിന് കൊടിപിടിക്കുന്നു.
ഒരു ദേശീയ പാർട്ടിയുടെ സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്നത്, ഒരു ജാതി സംഘടന ആവുക ആ പാർട്ടിയുടെ മന്ത്രി ആരാകണം എന്ന് നിശ്ചയിക്കുന്നത് ഒരു ജാതി സംഘടനയുടെ ജനറൽ ബോർഡ് ആവുക, അല്ലെങ്കിൽ അരമനയിൽ തീരുമാനം എടുക്കപ്പെടുക ഇതൊക്കെ ഒരു ജനാധിപത്യ ഭരണ സംവിധാനത്തിൽ ശ്ലാഖനീയമോ ?
ഓരോ പാർട്ടിയേയും അവരുടെ പ്രധിനിത്യം എങ്ങനെ കാണുന്നു എന്ന വിലയിരുത്തലും നടുക്കം ഉളവാക്കുന്നതാണ്. എൽ.ഡി.എഫ്.-ൽ 6 നായർ മന്ത്രിമാർ ? എന്നാണ് എൻ.എസ്.എസ് ന്റെ കണ്ടെത്തൽ, ഡെൽഹിക്കാരനായ ശശിതരൂർ എന്ന നായർ ഇറക്കുമതി ചെയ്ത നായർ ആണത്രെ ! അത് ചങ്ങനാശ്ശേരിയിലെ തമ്പുരാക്കന്മാർക്ക് സ്വീകാര്യമല്ലത്രെ. ഇനി എന്താണാവോ ഒത്തുതീർപ്പ് ഫോർമുല ? ഒരു റീ ഇലക്ഷൻ, നായർ പ്രാതിനിത്യം കൂട്ടിക്കൊണ്ടോ മറ്റോ, പറയാൻ പറ്റില്ല ഭരിക്കുന്നത് കോൺഗ്രസ്സല്ലെ, എന്തും ചെയ്യാൻ മടിക്കാത്ത ആധർശ ധീരന്മാർ.
അല്പം ഭയത്തോടും, ഒപ്പം അത്ഭുതത്തോടും കണുന്ന കാര്യം ഈ നായന്മാർ ആയിട്ടുള്ള മന്ത്രി മാരെ കിട്ടിയാൽ എൻ.എസ്.എസ് എന്ത് നീക്കമായിരിക്കും ചെയ്യുക ഈ പോസ്റ്റിലെ ആദ്യ വാചകം ഇത് പറഞ്ഞത് മുൻ മന്ത്രിയും, കേരളകോൺഗ്രസ്സ് ബി വിഭാഗം തലവനുമായ ബാലകൃഷ്ണ പിള്ളയാണ് മറ്റൊരു ബല്ല്യ നായര്. ശ്രീ. പണിക്കരുടേയും, രാമൻ നായരുടേയും ഈ കസേര പ്രേമം കാണുമ്പോൾ കഴിഞ്ഞ കാലഘട്ടത്തിലെ നായർ മന്ത്രിമാരുടെ പ്രവർത്തനങ്ങളെ സംശയിക്കേണ്ടി വരുന്നു, അവിഹിത മാർഗ്ഗത്തിലൂടെ നായർ സമുദായത്തിന്റെ സ്ഥാപനങ്ങൾക്കോ നായർ ആയിട്ടുള്ള വ്യക്തികൾക്കോ സ്വജന പക്ഷാപാതം എന്ന ജനാധിപത്യത്തിൽ അനുവദനീയമല്ലാത്ത, സത്യപ്രതിജ്ഞാ ലംങ്കനത്തിന്റെ കറുത്ത പിൻപറ്റ് കഥകൾ പുറത്തുവരാനുണ്ടോ എന്നതാണ്. ഈ സംശയത്തിന് കാരണം ഈ ആവശ്യം ഉന്നയിച്ചത് മറ്റ് ജാതി മത സ്ഥാപനങ്ങളും രംഗത്ത് ഉണ്ട് എന്നതാണ് ശർക്കരക്കുടമല്ലെ തരം കിട്ടിയാൽ ഇറങ്ങി ഇരുന്നു നക്കാം എന്ന് കരുതിയിരിക്കാം….

35 comments:

വീ.കെ.ബാല said...

നായന്മാർ തീരുമാനിച്ചാൽ അതുമാത്രമേ കേരളത്തിൽ നടപ്പാകുകയുള്ളു. :)

ഉറുമ്പ്‌ /ANT said...

പണിക്കരുൻ ബാലക്രിഷണപിള്ളയുമൊക്കെ പറയുന്നത് അനുസരിക്കാൻ തയ്യാറായ കോൺഗ്രസ്സ് ഉള്ളിടത്തോളം കാലം ഇവരിതു പറയും.

സംഘടിത മതശക്തികളെ ചെറുക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ് സി.പി.എമ്മിനോട് ഇവർക്കിത്ര വിദ്വേഷം.
ഇനിയിപ്പോ അച്ചന്മാരും വരും ഇതേ ഡയലോഗുമായി.
കാത്തിരിക്കാം.

വീ.കെ.ബാല said...

വായനയ്ക്കും അഭിപ്രായത്തിനും നന്ദി
അതവർനേരത്തെ പറഞ്ഞുകഴിഞ്ഞു ദാ ഈ പോസ്റ്റിൽ ഞാൻ അത് എഴുതിയിരുന്നു.

N.J Joju said...

എന്‍എസ്‌എസ് ന്റെ ആവശ്യത്തോടൂം അതുപറഞ്ഞ രീതിയോടും ശക്തമായി വിയോജിച്ചുകൊന്ടൂ തന്നെ ഒരു കാര്യം പറയാനാഗ്രഹിയ്ക്കുന്നു. ജനാധിപത്യമെന്നത് കോണ്‍ഗ്രസ്സിന്റെയോ മറ്റു ജനാധിപത്യപാര്‍ട്ടി എന്നു സ്വയം അഭിമാനിയ്ക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെയോ കുത്തകയല്ല. നിലനില്പിനുവേണ്ടി ജനാധിപത്യത്തിന്റെ ആട്ടിന്‍തോലണിയുന്ന കമ്യൂണിസ്റ്റുപാര്‍ട്ടിയുടെയും കുത്തകയല്ല.

ജനാധിപത്യത്തില്‍ വിയോജിപ്പുകള്‍ക്കു പ്രസക്തിയുണ്ട്. അവകാശവാദാങ്ങള്‍ക്കു പ്രസക്തിയുണ്ട്. വിപരീത അഭിപ്രായങ്ങള്‍ക്കു പ്രസക്തിയുണ്ട്.

ജനാധിപത്യത്തില്‍ ഏതൊരു ജനസമൂഹത്തിനും അവരുടേതായ പങ്കും അവകാശങ്ങളും ഉണ്ട്. അതു വിവിധ കൃസ്ത്യന്‍ സഭാവിഭാഗങ്ങള്‍ക്കുണ്ട്, നായന്മാര്‍ക്കുണ്ട്, ഈഴവര്‍ക്കുണ്ട്, ജമായത്ത് ഇസ്ളാമിയ്ക്കുണ്ട്, സുന്നി വിഭാഗത്തിനുണ്ട്. മലയാളിയ്ക്കുണ്ട്, തമിഴനുണ്ട്, തെലുങ്കനുണ്ട്. കറുത്തവര്‍ക്കും വെളുത്തവര്‍ക്കുമുണ്ട്.

എല്ലാ വൈവിധ്യങ്ങളെയും വൈവിധ്യങ്ങളായി അംഗീകരിച്ചുകൊന്ടാണ്‍ ഇന്ത്യന്‍ ജനാധിപത്യം നിലകൊള്ളുന്നത്. അല്ലാതെ വൈവിധ്യങ്ങളെ മാറ്റിവച്ചുകൊന്ടോ മറച്ചുവെച്ചുകൊന്ടോ മറന്നു വെച്ചുകൊന്ടോ അല്ലാ.

കടത്തുകാരന്‍/kadathukaaran said...

പുരോഗമന പ്രസ്ഥാനമെന്നവകാശപ്പെടുന്ന ഇടതുപാര്‍ട്ടികളുടെ നിലപാടുകളും ഇതില്‍ നിന്ന് വിഭിന്നമല്ല. പൊന്നാനിയിലോ മലപ്പുറത്തോ ഒരു മുസ്ലീമല്ലാത്ത സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് ഗട്ട്സുണ്ടായില്ല എന്നു മാത്രമല്ല ഹുസൈന്‍ രണ്ടത്താണിക്ക് പകരം മറ്റൊരു മുസ്ലീം നാമധാരിയെ അന്വാഷിച്ചലഞ്ഞതും ആ സ്ഥാനാര്‍ത്ഥിപ്പട്ടിക മുഞ്ഞഞ്ഞമ്മദ്, കമല്‍ തുടങ്ങിയ പേരുകളിലൊതുങ്ങിയതും ചില രാഷ്ട്രീയ വിലനിലവാരങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്. അവസാന കച്ചിത്തുരുമ്പായി സുകുമാരന്‍ നായരുടെ പ്രസ്ഥാവനയെ പിണറായി സ്വാഗതം ചെയ്തതും തീരെ പുരോഗമനമല്ല.

വീ.കെ.ബാല said...

ജോജു എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് ക്ലിയർ ആകുന്നില്ല, ജനാധിപത്യത്തിന്റ് കുത്തക അവകാശവും, ഇതും തമ്മിൽ എന്തുബന്ധം ? അതോ ഇനീ ജനാധിപത്യം കാത്ത് സൂക്ഷിക്കുക എന്നത് കോൺഗ്രസ്സിന്റെ മാത്രം ഉത്തരവാധിത്വമല്ല എന്നാണോ, ജോജു പറയാൻ ആഗ്രഹിക്കുന്നത്, എനിക്ക് തോന്നുന്നത് അങ്ങനെ ആണ് എന്നാണ്.

പിന്നെ ഒരുകാര്യത്തിൽ താങ്കളെ അഭിനന്ദിക്കുന്നു. തെറ്റുകാരൻ പണിക്കര് സാറ് ആണ് എന്ന കണ്ടെത്തലിൽ. തിരഞ്ഞെടുപ്പിന് മുൻപ് പണിക്കർ സാറിന്റെ ജാതി സംഘടന മുന്നോട്ട് വച്ച നയം എന്താണെന്ന് ജോജുവിന് അറിയാമെല്ലോ സമദൂരം അതായത് കൃത്യമായ അകലം, ഇലക്ഷന് ശേഷം പണിക്കർ സാർ വിളിച്ച് പറഞ്ഞത് എന്താണെന്നും അറിയാമല്ലോ. അതിനുശേഷം കോൺഗ്രസ്സ് നേതൃത്വം എടുത്ത നിലപാട് എന്താണെന്നും കോൺഗ്രസ്സ് കാരനായ ജോജുവിന് മനസ്സിലായിക്കാണുമല്ലോ. ഇതിന്റെ ആകെ തുകയാണ് ഈ പോസ്റ്റിന്റെ ടൈറ്റിൽ ആയി ഇട്ടത്.

വീ.കെ.ബാല said...

ജോജുവിന് എന്റെ അഭിപ്രായത്തിൽ വിയോജിപ്പുണ്ടാകാം. ഉണ്ടാകണം അതാണല്ലോ അതിന്റെ ഒരിത്. മതം, ജാതി എന്നിവ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കുകയും ഭരണകാര്യങ്ങളിൽ ഇടപെടുകയും ചെയ്തപ്പോൾ ഒക്കെ ആ സമൂഹത്തിൽ ജനാധിപത്യ വിരുദ്ധപ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. ചരിത്രം നൽകുന്ന പാഠമാണത്. അതുകൊണ്ടുതന്നെ ആണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇത്തരം പ്രവണതകളെ ചെറുക്കുന്നത്.

വീ.കെ.ബാല said...

ഇന്ത്യയിൽ , കേരളത്തിൽ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് തുടക്കമിട്ടത് ആരാണ്? കോൺഗ്രസ്സ് എന്ന മഹാപ്രസ്ഥാനം. വഴിവിട്ട വർഗ്ഗീയ പ്രീണനത്തിലൂടെ മത ജാതി സംഘടനകൾക്ക്, ഭരണത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ അവസരം ഒരുക്കിയതും അതിനെ ഊട്ടി വളർത്തുന്നതും കോൺഗ്രസ്സ് എന്ന മഹാ പ്രസ്ഥാനം തന്നെ. ഇതൊക്കെ ഒരുതരത്തിലുള്ള രാഷ്ട്രീയ വ്യഭിചാരമല്ലെ ജോജു.

വീ.കെ.ബാല said...

സ്വതന്ത്ര ഇന്ത്യയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ബദലായി ഏത് രാഷ്ട്രീയ പ്രസ്ഥാനമാണ് ഉണ്ടായിരുന്നത് ? കെടുകാര്യസ്ഥതയും, സ്വജനപക്ഷാപാതവും, പാർട്ടിയേക്കാൾ വളർന്ന നേതാക്കന്മാരും, അഴിമതിയും കൊണ്ട് കൂത്താടിയ കോൺഗ്രസ്സ് ഇന്ന് ഏത് നിലയിൽ എത്തിനിൽക്കുന്നു? വഴിപിഴച്ച ജീവിതം നയിക്കുന്ന ശരാശരി മനുഷ്യന് കിട്ടുന്ന അപചയം പോലെ അല്ലെ കോൺഗ്രസ്സിന്റെ വീഴ്ച്ചയും.

വീ.കെ.ബാല said...

എങ്ങനെയും ജീവിക്കണം എന്ന വ്യഭിചാരിണിയുടെ മാനസ്സിക വ്യവഹാരങ്ങളെ രാഷ്ട്രീയത്തിൽ കോൺഗ്രസ്സിനുള്ളു. എങ്ങനെയും അധികാരത്തിൽ എത്തണം അതിന് ആരുടെ കാൽ നക്കാനും മടിയില്ലാത്ത നല്ല ഒരു നേതൃത്വം കോൺഗ്രസ്സിനുണ്ട്. അതുകൊണ്ടാണല്ലോ ചെന്നിത്തല ഉടനേ പ്രതികരിച്ചത്, കഷ്ടം.

വീ.കെ.ബാല said...

ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഇടതുപാർട്ടികൾ എല്ലാം ഇന്ത്യൻ ഭരൺഘടനയുടെ ചട്ടകൂട്ടിൽ നിന്നേ പറ്റു അതല്ലാത്തവർ പാർലമെന്ററിപാർട്ടി എന്ന നിലയിൽ പ്രവർത്തിക്കുക സാധ്യമല്ല ( മാവോയിസ്റ്റ്, നക്സൽ തുടങ്ങിയവ ഉദാഹരണങ്ങൾ ) ജനാധിപത്യ രാജ്യത്ത് മതമേലധ്യക്ഷന്മാർക്കും, ജാതി മത സംഘടനകളുടെ നെതാക്കൾക്കും ഭരണകാര്യങ്ങളിൽ എന്ത് റോൾ (എൻ.എസ്.എസ് മോഡൽ) ആണ് ജോജുകാണുന്നത്, അനുസരണ ഉള്ള കുഞ്ഞാടായല്ല ഒരു ജാനാധിപത്യ വിശ്വാസി എന്ന നിലയിൽ താങ്കൾ മറുപടി പറയ്. ഉറുമ്പിന്റെ കമന്റിൽ ഞാൻ ഒരു പോസ്റ്റ് ലിങ്ക് ഇട്ടിരുന്നു അതും ജോജു വായിച്ചു കാണും എന്ന് കരുതുന്നു. ഒരു ദേശീയ പാർട്ടിയുടെ സ്ഥാനാർത്ഥികൾ ആരാകണം, ആർ മന്ത്രി ആകണം എന്ന് തീരുമാനിക്കുന്നത് ഏതെങ്കിലും മതത്തിന്റെ വക്താക്കളോ, ജാതി സംഘടനാ നേതാക്കളോ ആണ് എങ്കിൽ അത് ജനാധിപത്യ ധാർമ്മികതയാണ് ജോജു ?

വീ.കെ.ബാല said...

കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇതൊക്കെത്തന്നെ ആണ് ചെയ്യുന്നത് എന്ന് പറയുമ്പോൾ, കോൺഗ്രസ്സ് ചെയ്യുന്നതിനെ ന്യായികരിക്കുന്നതിന് തുല്ല്യമല്ലെ. ഏതെങ്കിലും കമ്മ്യൂണിസ്റ്റ് കാരാൻ അങ്ങനെ ജോജു ചിന്തിക്കുന്ന രീതിയിൽ ചെയ്തിട്ടുണ്ടെങ്കിൽ ജനാധിപത്യ നെറികേട് തന്നെ ആണ്. അതിനെ വിവേകമുള്ള ഒരു കമ്മ്യൂണിസ്റ്റ്കാരനും അനുകൂലിക്കില്ല (എന്തുകൊണ്ട് കരുണാകരനേയും, മകനേയും ഇടതുപക്ഷത്ത് എടുത്തില്ല എന്ന് ഓർക്കുക, അവർ ഒരു ജാതി സംഘടന അല്ലാതിരുന്നിട്ടും) അരമനയിൽ നിന്നും ചങ്ങനാശ്ശേരിയിനിന്നും, കണിച്ചുകുളങ്ങരയിൽ നിന്നും, മലപ്പുറത്തുനിന്നും കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിമാരെയും, മന്ത്രിമാരെയും നിശ്ചയിക്കുന്ന കാലം വന്നാൽ അന്ന് അത് കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരിക്കില്ല കോൺഗ്രസ്സിന്റെ ബി-ട്രൂപ്പ് ആയിരിക്കും, അങ്ങനെ ഒരപചയം പാർട്ടിക്ക് ഉണ്ടാവില്ല എന്ന് തിർത്ത് പറയാം കാരണം ഈ പാർട്ടി വളർന്നത് ചങ്ങനാശ്ശേരി തമ്പ്രാക്കളുടെ നാലുകെട്ടിലെ എച്ചിൽ തിന്നല്ല. രാപകൽ വിയപ്പെഴുക്കുന്ന അധ്വാനിക്കുന്ന ജനവിഭാഗം കെട്ടി ഉയർത്തിയതാണ്, അത് എവിടേയും തലകുനിക്കില്ല.

വീ.കെ.ബാല said...

അതുകൊണ്ടാണ് സുഹൃത്തെ പാർട്ടി എന്ന് വിളിക്കുമ്പോൾ കോൺഗ്രസ്സുകാരന്റെ നാവിൽ പോലും സി.പി.എം എന്ന് വരുന്നത്. ഉറച്ച അടിസ്ഥാനത്തിൽ നിന്നും പടുത്തുയർത്തിയതാണ് ഈ പ്രസ്ഥാനം. എച്ചിൽ പ്രിയരായ കളകൾ ഇതിൽ കിളിർക്കില്ല, അതെ ജോജു ഇപ്പോൾ ജനാധിപത്യത്തിന്റെ കുത്തക കമ്മ്യൂണിസ്റ്റ് കൾക്കാണ് അതുകൊണ്ടാണ് ജനാധിപത്യ വിരുദ്ധർക്ക് അവിടെകയറി നിരങ്ങാൻ പറ്റാത്തത്, ചങ്കുറപ്പുള്ള കോൺഗ്രസ്സ്കാർ ഉണ്ടെങ്കിൽ, ജാതിമത വർഗ്ഗീയ കൂട്ടുകെട്ടില്ലാതെ ഒരു പഞ്ചായത്ത് ഇലക്ഷനെ എങ്കിലും നേരിട്ട് കാണിക്ക് അതുവഴി കമ്മ്യൂണിസ്റ്റുകൾ കാക്കുന്ന ജനാധിപത്യ മൂല്ല്യങ്ങൾ കോൺഗ്രസ്സിന്റെ പ്രവർത്തി പഥങ്ങളിൽ കൊണ്ടുവാ. എന്നിട്ടാവാം രോഷം കൊള്ളൽ.

വീ.കെ.ബാല said...

പിന്നെ ജോജുവിന്റെ കമന്റിലെ ചില പരാമർശങ്ങൾ അത് കണ്ടില്ല എന്ന് നടിക്കാവുന്നവയല്ല അവയിലൂടെ ഒന്ന് കണ്ണോടിക്കാം.
1. നാധിപത്യത്തില്‍ വിയോജിപ്പുകള്ക്കു പ്രസക്തിയുണ്ട്. അവകാശവാദാങ്ങള്ക്കു പ്രസക്തിയുണ്ട്. വിപരീത അഭിപ്രായങ്ങള്ക്കു പ്രസക്തിയുണ്ട്.
ജോജു മുകളിൽ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് അത് ശരിയായി പ്രവർത്തിപ്പിക്കുമ്പോൾ ആണ് ജനാധിപത്യം എന്ന യന്ത്രം ശരിയായ വിധത്തിൽ ചലിക്കുന്നത്. അതുകൊണ്ടാണല്ലോ അഭരണപക്ഷവും പ്രതിപക്ഷവും എന്ന രണ്ട് പക്ഷങ്ങൾ ഉണ്ടായതുതന്നെ, ശരിയായവയോട് യോജിക്കുകയും അല്ലാത്തവയോട് വിയോജിക്കുകയും ചയ്യുന്നത് ജനാധിപത്യ ധർമ്മം. അവകാശവാദങ്ങൾ ഉന്നയിക്കുമ്പോൾ അതും ജാനാധിപത്യപരമായിരിക്കണം എന്ന് മാത്രം. ഇവിടെ ജോജു എന്താണോ ഉദ്ദേശിച്ചത് പലപ്പോഴും ഈ അവകാശം ഉന്നയിക്കുന്നവർ, ജനാധിപത്യം എന്ന വിശാലാർത്ഥത്തെ ഉൾക്കൊള്ളാറില്ലെന്നുമാത്രം.

വീ.കെ.ബാല said...

2. ജനാധിപത്യത്തില്‍ ഏതൊരു ജനസമൂഹത്തിനും അവരുടേതായ പങ്കും അവകാശങ്ങളും ഉണ്ട്.
തീർച്ചയായും ഇതിനെയും അംഗീകരിക്കുന്നു ശരിയായ അർത്ഥത്തിലാണ് പറഞ്ഞതങ്കിൽ, ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ അനുഭവിക്കാൻ എല്ലാ വിഭാഗക്കാർക്കും അർഹതയുണ്ട്, അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധവും, ഭരണഘടനാ വിരുദ്ധവുമാണ്. ഇന്ത്യൻ ഭരണഘടന എന്നത് 6പേജുള്ള പൊത്തകമല്ലല്ലോ ജോജു, അതിൽ അവകാശങ്ങൾക്കൊപ്പം ചില കടമകൾകൂടെ പൌരൻ ചയ്യണം എന്ന് പറയുംന്നുണ്ട് അതുകൂടെ ഈ അവകാശ്ങ്ങൾ ഉന്നയിക്കുന്നവർ വായിച്ചിരിക്കണം. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ പറയുന്ന ഒരുകാര്യം ഉണ്ട് സ്വജന പക്ഷാപാതം കാണിക്കില്ല എന്ന്. ഈ പോസ്റ്റിന് ആധാരവും ഇതുതന്നെയാണ്. പണിക്കർ സാർ നായന്മാരുടെ പ്രാധിത്യം കുറഞ്ഞുപോയി എന്ന് പറയുമ്പോൾ അതിൽ ഒരു അസാധാരണത്വം ഇല്ലെ, പണിക്കർ സാർ ഉയർത്തുന്ന മുറവിളി തന്നെ അല്ലെ ഇവിടുത്തെ വിവിധ സഭകളും ഉയർത്തുന്നതും, വെള്ളാപ്പള്ളി നടേശൻ സാർ ഉയർത്തുന്നതും. ഇതിലൊക്കെ ഒരു ജാനാധിപത്യ അനുചിതത്വം ഇല്ലെ.? ഇത്തരം കീഴ്വഴക്കങ്ങളെ ആണ് എതിർക്കുന്നത്. അത് ഒരു ജാനാധിപത്യ സമൂഹത്തിൽ എതിർക്കപ്പെടേണ്ടതാണ്. വർഗ്ഗീയതയുടെ ശാക്തികരണം ഒരു ബഹുസ്വര സമൂഹത്തിൽ ചെറൂക്കപ്പെടേണ്ടതാണ്. അല്ലെങ്കിൽ ഇന്ന് എൻ.എൻ.എസ് വിലപേശിയപോലെ നാളെ എസ്.എൻ.ഡി.പി യും, പിന്നെ കാലാകാലങ്ങളിലായി സഭകൾ കാണിക്കുന്നത് തുടർന്നുകൊണ്ടുമിരിക്കും.

വീ.കെ.ബാല said...

3. എല്ലാ വൈവിധ്യങ്ങളെയും വൈവിധ്യങ്ങളായി അംഗീകരിച്ചുകൊന്ടാണ്‍ ഇന്ത്യന്‍ ജനാധിപത്യം നിലകൊള്ളു……………………..
ആ വൈവിധ്യങ്ങൾ നിലനിൽക്കണമെങ്കിൽ, നിഷ്പക്ഷ നിലപാട് ഉണ്ടയിരിക്കണം, വർഗ്ഗിയ സമീപനം പാടില്ല, അതൊക്കെ പലപ്പോഴും കോൺഗ്രസ്സ് മറന്നു പോകാറുണ്ട് സംസ്ഥാനങ്ങളിലെ വോട്ട് ബാങ്കിന്റെ അടിസ്ഥാനത്തിൽ.

വീ.കെ.ബാല said...

പ്രിയസുഹൃത്ത് കടത്തുകാരൻ,
താങ്കൾ സൂചിപ്പിച്ച ചിലകാര്യങ്ങൾ തള്ളിക്കളയുന്നില്ല. പക്ഷെഅത് താങ്കൾ ധരിച്ചിരിക്കുന്ന രീതിയിൽ ആണോ എന്ന സംശയമേ ഉള്ളു. പൊന്നാനിയിലും, മലപ്പുറത്തും മുസ്ലീം അല്ലാത്ത സ്ഥാനാർത്ഥിയെ നിറുത്താൻ ഗട്ട്സ് ഉണ്ടായില്ല എന്ന് പറയുന്നതിൽ എന്താണ് അർത്ഥം. യോഗ്യരായിട്ടുള്ള സ്ഥാനാർത്ഥികളെ തന്നെ ആണ് അവിടെ നിർത്തിയത്, അല്ലാതെ എതെങ്കിലും മുസ്ലീം സംഘടനയുടെ നോമിനിയേയോ, ആവരുടെ നിർദ്ദേശാനുസരണമോ അല്ല അവിടെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. നേരെ മറിച്ചാണെങ്കിൽ താങ്കളുടെ വാദത്തിൽ കഴമ്പുണ്ടായിരുന്നു. (ഇതിന്റെ പിന്നിൽ ഒരു വർഗ്ഗീയതാത് പര്യം ഉണ്ടെന്ന് വിശ്വസിക്കുന്നില്ല, ഉണ്ടെങ്കിൽ പാർട്ടിയും എത്തിച്ചേരുന്നത് കോൺഗ്രസ്സിന്റെ കല്ലറയിൽ തന്നെ ആയിരിക്കും).
സുകുമാരൻ നായരുടെ ഏത് പ്രസ്ഥാവന എന്നു കൂടെ കടത്തുകാരൻ മനസ്സിലാക്കണം. വിമോചന സമരം എന്ന സമരാഭാസത്തിന്റെ ജൂബിലി ആഘോഷങ്ങളെ ആണ് ആ സമരത്തിന്റെ ഭാഗഭക്കായിരുന്ന എൻ.എൻ.എസ്സ് തള്ളിപ്പറഞ്ഞത്, അതുപോലെ എഴുതിതള്ളാവുന്ന ഒരു ശക്തിയല്ല ഇടതുപക്ഷം എന്നതും. ഇത് രാഷ്ട്രീയ തിരിച്ചറിവാണ്, അതിനെ ആണ് പിണറായിയും, പാർട്ടിയും സ്വാഗതം ചെയ്തത്. അല്ലാതെ സീറ്റിന്റെ കാര്യമല്ല.

N.J Joju said...

"പണിക്കർ സാറിന്റെ ജാതി സംഘടന മുന്നോട്ട് വച്ച നയം എന്താണെന്ന് ജോജുവിന് അറിയാമെല്ലോ സമദൂരം അതായത് കൃത്യമായ അകലം"
നാരായണപ്പണിക്കര്‍ സമദൂരമായിരുന്നോ ഇലക്ഷനെടുത്ത നയം എന്ന് ഉറപ്പില്ല. മനോരമയുടെ നിലപാട് എന്ന പരിപാടിയുണ്ടായിരുന്നു. അതില്‍ ഇപ്പോഴുള്ള നിലപാട് സമദൂരമാണെന്നും അതു മാറില്ല എന്നുറപ്പില്ലെന്നും സമദൂരത്തില്‍ നിന്നു മാറിയാല്‍ തന്നെ സംഘടനാംഗങ്ങളെ അറിയീക്കാന്‍ അധികം സമയം ആവശ്യമായി വരില്ല എന്നുമാണ്‌ പറഞ്ഞത്. ഇതില്‍ എല്ലാം വ്യക്തമാണ്‌. തിരഞ്ഞെടുപ്പില്‍ എന്‍ എസ്‌എസ് ന്റെ സഹായം കിട്ടി എന്നു കോണ്‍ഗ്രസ്സുകാരു തന്നെ സമ്മതിയ്ക്കുമ്പോള്‍ സമദൂരമായിരുന്നൂ നയമെന്ന് താങ്കള്‍ക്കു പറയാന്‍ കഴിയുന്നതെങ്ങിനെ?

N.J Joju said...

"മതം, ജാതി എന്നിവ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കുകയും ഭരണകാര്യങ്ങളിൽ ഇടപെടുകയും ചെയ്തപ്പോൾ ഒക്കെ ആ സമൂഹത്തിൽ ജനാധിപത്യ വിരുദ്ധപ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്."
മതം, ജാതി ഇവ ഭരണത്തില്‍ ഇടപെടുന്നത് ശരിയല്ല. രാഷ്ട്രീയപ്രസ്ഥാനാങ്ങളെ നിയന്ത്രിയ്ക്കുന്നതും ശരിയല്ല. അതേ സമയം ജനാധിപത്യമര്യാദയനുസരിച്ച് അര്‍ഹിയ്ക്കുന്നതു ചോദിയ്ക്കുകയെന്നതും അര്‍ഹിയ്ക്കുന്നതു കൊടുക്കുകയെന്നതും ന്യായമാണ്‌. ജാതി മതം ലിംഗം  ഭാഷ ജീവിതസാഹചര്യങ്ങള്‍  ഇവയൊക്കെ സമൂഹത്തിന്റെ ഭാഗമാണ്‌, ജനാധിപത്യത്തെ അംഗീകരിയ്ക്കുന്നവര്‍ ഇത്തരം വൈവിധ്യങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കൊടുക്കണം. ആ നിലയ്ക്ക് രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ ഈ വൈവിധ്യങ്ങള്‍ കടന്നുവരികയും ചെയ്യും. തങ്ങളെ ബാധിയ്ക്കുന്ന കാര്യങ്ങളില്‍ ഈ വിവിധ സമൂഹങ്ങള്‍ക്ക് നിലപാടുകളുണ്ടായിരിയ്ക്കും. ആ നിലപാടുകള്‍ ചിലപ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടിയുടെയും  ചിലപ്പോള്‍ ഭരണപക്ഷത്തിന്റെയും നിലപാടായിരിയ്ക്കും.

N.J Joju said...

ഇന്ത്യയിൽ , കേരളത്തിൽ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് തുടക്കമിട്ടത് ആരാണ്? എന്ന ചോദ്യത്തിനു ഇന്ത്യയിൽ , കേരളത്തിൽ രാഷ്ട്രീയത്തിന് തുടക്കമിട്ടത് ആരാണ് എന്ന ചോദ്യമായിരിയ്ക്കും മറുപടി. കോണ്‍ഗ്രസ്സ് തുടങ്ങിയതിനെ കമ്യൂണിസ്റ്റു പാര്‍ട്ടിയ്ക്കു തുടരാതിരിയ്ക്കാമായിരുന്നല്ലോ.

N.J Joju said...

പണിക്കർ സാർ നായന്മാരുടെ പ്രാധിത്യം കുറഞ്ഞുപോയി എന്ന് പറയുമ്പോൾ അതിൽ ഒരു അസാധാരണത്വം ഇല്ലെ, പണിക്കർ സാർ ഉയർത്തുന്ന മുറവിളി തന്നെ അല്ലെ ഇവിടുത്തെ വിവിധ സഭകളും ഉയർത്തുന്നതും, വെള്ളാപ്പള്ളി നടേശൻ സാർ ഉയർത്തുന്നതും. ഇതിലൊക്കെ ഒരു ജാനാധിപത്യ അനുചിതത്വം ഇല്ലെ.?

നായന്മാരുടെ പ്രാതിനിധ്യം കുറഞ്ഞു പോയീ എന്നു ഒരു നായരു പറയുമ്പോള്‍ എന്തസാധാരണത്വമാണൂള്ളത്. കാലാകാലങ്ങളായി തമിഴ്‌നാടു ചെയ്യുന്നതിനു സമാനമായ പ്രതിഭാസം. അതിനൊടു യോജിക്കുന്നില്ല എന്നതു വേറൊരു കാര്യം. സഭയ്ക്കും എസ്.എന്‍.ഡി.പി യ്ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിയ്ക്കുക തന്നെ വേണം.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങളെ അവഗണിയ്ക്കുന്നുവെന്നും തങ്ങളുടെ അഭിപ്രായങ്ങളെ ജനാധിപത്യമര്യാദയോടെ പരിഗണിയ്ക്കുന്നില്ലെന്നും തോന്നലുണ്ടാവുമ്പോഴാണ്‌ വോട്ടു ബാങ്കിന്റെ പേരില്‍ വിലപേശേണ്ടി വരുന്നത്. ഭൂരിപക്ഷ വര്‍ഗ്ഗീതയും ന്യൂനപക്ഷ വര്‍ഗീയതയും നക്സലിസവും തീവ്രവാദങ്ങളും  ഉണ്ടാവുന്നത് ജനാധിപത്യത്തില്‍  തങ്ങളുടെ സ്വരത്തിനു വിലകല്പിയ്ക്കുന്നില്ല എന്നു വരുമ്പോഴാണ്‌.

N.J Joju said...

പിന്നെ പോസ്റ്റിന്റെ പശ്ചാത്തലത്തിലേയ്ക്ക്

എന്‍.എസ്.എസ് നു മതിയായ പ്രാതിനിധ്യം ലഭിച്ചില്ല എന്നതു ശരിയാണെങ്കില്‍ പരിഹരിയ്ക്കപ്പെടേണ്ടതാണ്‌. അതേ സമയം ശശീ തരൂരിനെ ഞങ്ങളുടെ അക്കൌണ്ടില്‍ കൂട്ടില്ല എന്നത് ബാലിശമാണ്‌. കേന്ദ്രമന്ത്രിസഭയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ല എന്ന വാദം വിവരക്കേടാണ്‌. ഈഴവര്‍ക്കു കൂടുതല്‍ കിട്ടി എന്നതാണെങ്കില്‍ അതിനെ അസൂയ എന്നാണു പറയേണ്ടത്. അവിടെയാണ്‌ ജാതിചിന്ത വൃത്തികെട്ടരൂപത്തില്‍ പ്രതിഫലിയ്ക്കുന്നതും.

വീ.കെ.ബാല said...

പ്രിയ മിത്രം ജോജു,
താങ്കൾ പറഞ്ഞ കമന്റുകളിൽ ജനറൽ ആയി നോക്കുമ്പോൾ ചില പരാമർശങ്ങൾ ഒഴികെ യാഥാർത്ഥ്യ ബോധത്തോടെ താങ്കൾ പ്രതികരിച്ചു എന്നു കാണാം. എന്നാൽ ഈ ചില കാര്യങ്ങൾ അംഗീകരിക്കാൻ ആവാത്തതാണ്, താങ്കൾ ഇവിടെ വന്നതിനും , പ്രസ്ക്തമായ കമന്റ് ഇട്ടതിനും നന്ദി. ഇതിന്റെ ആ ചില കാര്യങ്ങളിലൂടെ ഞാൻ ഒന്നു കറങ്ങി വരാം, ശകലം ജോലിത്തിരക്കും ഉണ്ടെന്നു കൂട്ടിക്കോ, താമസിക്കാതെ ഈ കാര്യത്തിൽ എന്റെ അഭിപ്രായം പറയാം.

വീ.കെ.ബാല said...

1. എന്‍ എസ്‌എസ് ന്റെ സഹായം കിട്ടി എന്നു കോണ്ഗ്ര സ്സുകാരു തന്നെ സമ്മതിയ്ക്കുമ്പോള്‍ സമദൂരമായിരുന്നൂ നയമെന്ന് താങ്കള്ക്കു പറയാന്‍ കഴിയുന്നതെങ്ങിനെ?
NSS ന്റെ നയം സമദൂരമാണ് എന്ന് ഞാൻ പറഞ്ഞതല്ല. NSS പ്രഖ്യാപിച്ചതാണ്, NSS സമദൂരം എന്നാൽ എന്താണ് അർത്ഥമെന്ന്, കോൺഗ്രസ്സിന് നന്നായറിയാം കാരണം ജോജുഅപറഞ്ഞതു തന്നെ. പിന്നെ അതിന്റെ ഇടയ്ക്ക് ഒരു നയം മാറ്റത്തിന്റെ ആവശ്യമില്ല. പക്ഷെ സമൂഹത്തിന് മുന്നിൽ NSS വച്ചത് തങ്ങൾ ഇരു മുന്നണിയിൽ നിന്നും സമദൂരം പാലിക്കും എന്നാണ്. ഈ പൊതു സമൂഹത്തിലെ അംഗം എന്ന നിയിൽ ആണ് ഞാൻ വിലയിരുത്തിയത് അല്ലെങ്കിൽ സമൂഹത്തിലെ മ റ്റുള്ളവർ വിലയിരുത്തിയത്. NSS കോൺഗ്രസ്സിനാണ് പിന്തുണ നൽകുന്നു എന്ന് പ്രഖ്യാപിച്ചാൽ അതിനെ എതിർക്കാനോ അപലപിക്കാനോ ഒന്നും ആരും ശ്രമിക്കില്ല, ഇവിടെ ആണ് ആ ജനാധിപത്യ മര്യാദ ഉണ്ടാകുന്നത്. ജോജു പറഞ്ഞപോലെ “ജനാധിപത്യത്തില്‍ വിയോജിപ്പുകള്ക്കു പ്രസക്തിയുണ്ട്. അവകാശവാദാങ്ങള്ക്കുയ പ്രസക്തിയുണ്ട്. വിപരീത അഭിപ്രായങ്ങള്ക്കു പ്രസക്തിയുണ്ട്.“ പക്ഷേ ഇതൊക്കെ അപ്രസ്ക്തമാക്കുന്നതായിരുന്നു തിരഞ്ഞെടുപ്പിലെ NSS നയവും അനുബന്ധ പോർ വിളികളും.

വീ.കെ.ബാല said...

2. * ജനാധിപത്യത്തെ അംഗീകരിയ്ക്കുന്നവര്‍ ഇത്തരം വൈവിധ്യങ്ങള്ക്ക് അര്ഹുമായ പ്രാതിനിധ്യം കൊടുക്കണം.
* തങ്ങളെ ബാധിയ്ക്കുന്ന കാര്യങ്ങളില്‍ ഈ വിവിധ സമൂഹങ്ങള്ക്ക് നിലപാടുകളുണ്ടായിരിയ്ക്കും. ആ നിലപാടുകള്‍ ചിലപ്പോള്‍ രാഷ്ട്രീയപ്പാര്ട്ടിിയുടെയും ചിലപ്പോള്‍ ഭരണപക്ഷത്തിന്റെയും നിലപാടായിരിയ്ക്കും.

ഇവിടെ ജോജു യാധാർത്ഥ്യബോധമില്ലാതെ സംസാരിക്കുന്നു. ജാതി മത സംഘടനകൾ ഭരണകാര്യത്തിൽ ഇടപെടുന്നതും, രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കുന്നതും ശരിയല്ല എന്ന് പറയുകയും. പിന്നെ അത് ശരിയാണ് എന്ന് വ്യങ്യമായി അംഗീകരിക്കുകയും ചെയ്യുന്നു അല്ലെനിങ്കിൽ അതിന് വേണ്ടി നാവനക്കുകയും ചെയ്യുന്നു. ഇക്കൂട്ടർക്ക് പ്രാധിനിധ്യം എങ്ങനെ കൊടുക്കണം എന്ന് ആണ് ജോജു പറയുന്നത്, ഇവിടെ ജനാധിപത്യ രീതി അല്ല ജോജു ഉദ്ദേശിക്കുന്നത്, കാരണം ഈ ജാതി മത വക്താക്കൾക്ക് അങ്ങനെ തന്നെ MLA, MP, തുടങ്ങിയ സ്ഥാനങ്ങളിലും, രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പ്രാധിനിധ്യം നൽകിയാൽ, അതിന്റെ അനന്തര ഫലം എന്താകും എന്ന് ജോജു ആലോചിച്ചിട്ടുണ്ടോ, നമ്മുടെ നിയോജകമ മണ്ഡലങ്ങൾ പോരാതെ വരും ഈ സ്ഥാനാർത്ഥികളെ ഉൾക്കൊള്ളാൻ, ഹിന്ദു എന്ന മാഹാവൈവിധ്യത്തിന്റെ പ്രതിനിധികൾക്കായി തന്നെ വേണം നമ്മുടെ നിയമസഭ അംഗങ്ങൾടെ പകുതിയിലേറെ സീറ്റുകൾ. ഹിന്ദു എന്നാൽ നായരും ഈഴവനും മാത്രമ്ല്ല ജോജു, നായരിൽ തന്നെ, പലവക നായരുകൾ, ഈഴവനിൽ അതുപോലെ, ബ്രാഹ്മണൻ അതിലെ വകഭേദങ്ങൾ, പുലയർ, പറയർ, ഉള്ളടർ, കുറവർ, ഊരാളി,..…..ആശാരി, മൂശാരി, തട്ടാൻ, കൊല്ലൻ, അങ്ങനെ പ്രധമ ജാതികളും അവരുടെ ഉപജാതികളും, കൃസ്ത്യാനിയിൽ, എത്ര സഭകൾ, മുസ്ലീമുകളിൽ അങ്ങനെ, ഇത്രയുൻ താങ്ങാനുള്ള ശേഷി നമ്മുടെ കേരള രാഷ്ട്രീയ കളരിക്കില്ല ജോജു. അപ്രായോഗികവും ജനാധിപത്യ വിരുദ്ധവിമായ ആവശ്യങ്ങളെ നിരാകരിക്കുകയല്ലെ നല്ലത്. ഏതൊരു ജാതി മത സമൂഹവും ഉയർത്തുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നതാണ് ജനാധിപത്യ പ്രക്രീയ അതല്ലാത്തത് എകാതിപത്യവും പക്ഷാപാതപരവുമായിരിക്കും, ഇടതുപക്ഷം എന്നും ജനാധിപത്യ മൂല്ല്യങ്ങളെ ഉയർത്തിപിടിക്കാനാണ് ശ്രമിച്ചിട്ടുള്ളത് അത് തുടരുകയും ചെയ്യും.

വീ.കെ.ബാല said...

ജോജു സൂചിപ്പിച്ച രണ്ടാമത്തെ* കാര്യം ഒരു ജനാധിഅപത്യ സമൂഹത്തിൽ അംഗീകരിക്കാൻ ആവില്ല. ഏതൊരു ജാതിമത സമൂഹത്തിനും അവരുടെ താത്പര്യങ്ങൾ ഉൾക്കൊള്ളുന്ന നിലപാടുകൾ ഉണ്ടായിരിക്കും. ഇത്തരം നിലപാടുകൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ നിലപാടാകുകയും, അല്ലെങ്കിൽ ഭരിക്കുന്നവന്റെ നിലപാടാവുകയാണെങ്കിൽ അതിനെ എങ്ങനെ ജനാധിപത്യ നിലപാടായികണക്കാക്കും,അതെങ്ങനെ ജനാധിപത്യപരമാകും ജോജു. ഈ വാദം ശരിയാണ് എന്ന് ജോജു സമർദ്ധിക്കുമ്പോൾ ഇത്തന്നെ ശരി എന്നു പറയുന്ന സംഘപരിവാർ, BJP പോലുള്ള സംഘ്ടനകളുടെ പ്രത്യയശാസ്ത്രത്തെ ജോജിയെ പോലുള്ളവർ അംഗീകരിക്കുന്നു എന്നുവരില്ലെ. ഇന്ത്യൻ ജനസംഖ്യയിൽ 80%വും ഹിന്ദുക്കൾ ആണെന്ന കാര്യം മറക്കരുത്, അങ്ങനെ ഹിന്ദുതാത്പര്യങ്ങൾ സംരക്ഷിക്കുന്ന രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ വന്നാൽ എങ്ങനെ ഉണ്ടാവും ?, ചുമ്മാ ഒറീസ്സയിലേയ്ക്കും, കർണ്ണാടകയിലേയ്ക്കും, ഗുജറാത്തിലേയ്ക്കും ഒക്കെ ഒന്ന് കണ്ണോടിക്കുന്നത് നല്ലതാണ്, സ്വാർത്ഥതയുടെ തിമിരം കണ്ണിൽ കയറിയാൽ, പിന്നെ താൻ ചിന്തിക്കുന്നതും പറയുന്നതും ശരിയാണ് എന്ന് തോന്നും. ഒരു മാതാധിപത്യ രാജ്യത്ത് മതങ്ങൾ മുന്നോട്ട് വയ്ക്കുന്നതായിരിക്കും ആ സമൂഹത്തിന്റെ താത്പര്യം എന്നാൽ ഇന്ത്യ പോലുള്ള ഒരു ബഹുമത സമൂഹത്തിൽ അത് അംഗീകരിക്കാനാവില്ല. അവർ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ജനാധിപത്യപരാമായവ അംഗീകരിക്കുക എന്നതാണ് ഒരു ഉത്തരവാധിത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനം അല്ലെങ്കിൽ ഗവണ്മെന്റ് ചെയ്യാറുള്ളത്, എന്നാൽ പലപ്പോഴും കോൺഗ്രസ്സിന് ദേശീയ തലത്തിലും, പ്രാദേശികതലത്തിലും ഇതിനെ കാറ്റിൽ പറത്തേണ്ടിവന്നിട്ടുണ്ട് അത് ചരിത്ര സത്യം. ചില ഉദാഹരണം, ബാബറി മസ്ജീദ് പ്രശ്നം, ഒറീസകലാപം, ഗുജറാത്ത്കലാപം,വിമോചനസമരം……….

വീ.കെ.ബാല said...

3. ഇന്ത്യയിൽ , കേരളത്തിൽ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് തുടക്കമിട്ടത് …….
ജോജു, ഇതിന്റെ ഉത്തരം ചോദ്യമായിത്തന്നെ ഞാൻ എന്റെ കമന്റിൽ ഇട്ടിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി വോട്ട് ബാങ്ക് രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നില്ല എവീടെയും! ലോകത്തിൽ ഇസ്ലാമിനെതിരെ ഉള്ള കടന്നാക്രമണങ്ങളെ ദുർബ്ബല വിഭാഗങ്ങൾക്കു നേരെഉള്ള സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണമായിട്ടാണ് കാണുന്നത് .അല്ലാതെ ഇസ്ലാമിന്റെ മേൽ ക്രൈസ്തവരുടെ ആക്രമണമായിട്ടല്ല, ഇറാഖ് അധിന്വേശവും പാലസ്തീൻ പ്രശ്നവും ഒക്കെ അത്തരം വീക്ഷണങ്ങളൂടെ ഭാഗമാണ്. ഒരു കമ്മ്യൂണിസ്റ്റിന് മുന്നിൽ മനുഷ്യൻ ഇസ്ലാമായോ, കൃസ്ത്യാനിയായോ അല്ല വിലയിരുത്തുന്നത് മനുഷ്യനായാണ്, ചൂഷണം ചെയ്യുന്നവനു അതിന് വിധേയനാവുന്നവനും എന്ന രണ്ട് തലത്തിൽ മാത്രം.

വീ.കെ.ബാല said...

4. നായന്മാരുടെ പ്രാതിനിധ്യം കുറഞ്ഞു പോയീ എന്നു ഒരു നായരു പറയുമ്പോള്‍ എന്തസാധാരണത്വമാണൂള്ളത്.

എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചത് എന്നത് ഒന്നാമത്തെ പ്രശ്നം, രണ്ട് നായന്മാരുടെ വോട്ട് ജനാധിപത്യ വിരുദ്ധമായി ചോർത്തിക്കൊടുത്തതിന്റെ പ്രതിഫലം കുറഞ്ഞുപോയി എന്നതിൽ നിന്ന്. ഇതൊക്കെതന്നെ ജനാധിപത്യ വിരുദ്ധമല്ലെ. (ഒരു വോട്ട് ജനാധിപത്യമാവണമെങ്കിൽ, അത് ചെയ്യുന്ന വ്യക്തി യാതൊരുവിധ ബാഹ്യ സമ്മർദ്ദങ്ങൾക്കും വിധേയനാവുന്നില്ലെ എന്ന് ഉറപ്പകാണം ഒപ്പം പണമോ, മദ്യമോ മറ്റ് വാഗ്ദാനങ്ങളോ നൽകി സ്വാധീനിച്ചതാവരുത്, ഭീഷണിപ്പെടുത്തിയും ആവരുത്, മത, ജാതി സംഘടനകളുടെ കാര്യത്തിൽ ഒന്നാമത്തെ കാര്യവും, വസാനത്തെതും സ്വാഭാവികമാണ് ഈ കാരണം കൊണ്ടാണ് നായന്മാരുടെ വോട്ട് ജനാധിപത്യ വിരുദ്ധമായി എന്ന് പറഞ്ഞത്) രാഷ്ട്രീയത്തിൽ കഴിവുള്ള ആളുകൾക്കാവണം സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രാധാന്യം നൽകേണ്ടത് അല്ലാതെ ജോജു ധരിച്ച് വച്ചിരിക്കുന്ന അബദ്ധങ്ങൾക്ക് ആവരുത്. ബാക്കി കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ടവ 2** പറഞ്ഞിട്ടുണ്ട്.

വീ.കെ.ബാല said...

5. വര്ഗീപയതയും നക്സലിസവും തീവ്രവാദങ്ങളും ഉണ്ടാവുന്നത് ജനാധിപത്യത്തില്‍ തങ്ങളുടെ സ്വരത്തിനു വിലകല്പിയ്ക്കുന്നില്ല എന്നു വരുമ്പോഴാണ്‌.

അല്പത്തരം നിറഞ്ഞ, ജനാധിപത്യ വിരുദ്ധമായ ആവശ്യങ്ങൾ ഉന്നയിക്കുന്ന സ്വരങ്ങൾ അംഗീകരിക്കാൻ ആൾ(കോൺഗ്രസ്സ്) ഉള്ളതിനാൽ ആണ് വോട്ട് ബാങ്ക് രഷ്ട്രീയം നിലനിൽക്കുന്നതും തഴച്ച് വളരുന്നതും. ഇക്കൂട്ടരെ ഇരു മുന്നണികളും അവഗണിക്കു അപ്പോൾ ഇവർ താനെ ജനാധിപത്യത്തിന്റെ വഴിയിൽ വരും
ഈ ന്യൂനപക്ഷ ഭൂരിപക്ഷ വർഗ്ഗീയതകൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കേണ്ടവ തീർച്ചയായും അംഗീകരിക്കണം അതിന് പൂർണ്ണ പിന്തുണനൽകുന്നതിൽ ഇടതുപക്ഷം ഇതുവരെ തടസ്സം നിന്നിട്ടില്ല.

വീ.കെ.ബാല said...

6. എന്‍.എസ്.എസ് നു മതിയായ പ്രാതിനിധ്യം ലഭിച്ചില്ല എന്നതു ശരിയാണെങ്കില്‍ പരിഹരിയ്ക്കപ്പെടേണ്ടതാണ്‌.

ഈ ഒരു കാര്യം ഒഴികെ ജോജുപറഞ്ഞത് എല്ലാം അംഗീകരിക്കുന്നു. ഇത്തരം സ്വജനപക്ഷാപാതം നടത്തുന്നവരെ ജനാധിപത്യ പ്രക്രീയയിൽ അവഗണിക്കേണ്ടതുതന്നെയാണ് പക്ഷേ അതിനുള്ള ഗട്ട്സ് കേരളത്തിലെ കോൺഗ്രസ്സിനില്ല ഇത്തര രാഷ്ട്രീയ വ്യഭിചാരത്തിലൂടെ തങ്ങൾക്ക് നിൽനിൽക്കാനാവു എന്ന് ഇവർ വിശ്വസിക്കുന്നു അതിനെ പരപാലിക്കുന്നു

ജോജുവിന് നല്ല ഒരു ദിവസം നേരുന്നു, താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് ഒരിക്കൽ കൂടെ നന്ദി.

N.J Joju said...

കുറച്ചു ദിവസമായി തിരക്കായിരുന്നു. ഇപ്പോള്‍ കുറച്ച് ഒഴിവുണ്ട്. അതുകൊന്ട് വീണ്ടൂം.

1. സമദൂരം.
സമദൂരം പാലിച്ചിരുന്നതുകൊന്ട് എന്‍.എസ്.എസ് നു പ്രയോജനമൊന്നുമില്ല. കോണ്‍ഗ്രസ്സിന്റെയും  കമ്യൂണിസ്റ്റുപാര്‍ട്ടിയുടെയും നയങ്ങളോടുള്ള എതിര്‍പ്പാണ്‌ (പ്രത്യേകിച്ച് ദേവസ്വം ,വിദ്യാഭ്യാസം) സമദൂരത്തിലെത്തിച്ചത്. അതിന്റെ അര്‍ത്ഥം എന്തൊക്കെ സംഭവിച്ചാലും സമദൂരത്തില്‍ ഉറച്ചുനില്ക്കുമെന്നല്ല.

2. ജനാധിപത്യത്തിലെ പ്രാതിനിധ്യം

ഈയിടെ കന്ട ഒരു കമന്റ് കോപ്പി ചെയ്യുന്നു

"കേരളത്തില്‍ സീറ്റ് വീതം വെപ്പ് വളരെ സിമ്പിളല്ലേ?

തിര്‍വന്തോരം - നായര്‍/നാടാര്‍
ആറ്റിങ്ങല്‍ - ഈഴവന്‍
കൊല്ലം - നായര്‍
മാവേലിക്കര - പട്ടികജാതി
പത്തനംതിട്ട - നായര്‍/പ്രൊട്ടസ്റ്റന്‍‌റ് കൃസ്ത്യന്‍
ആലപ്പുഴ - ഈഴവന്‍ / ലത്തീന്‍ കത്തോലിക്കന്‍
കോട്ടയം - നായര്‍/കൃസ്ത്യന്‍
ഇടുക്കി - റോമന്‍ കത്തോലിക്കന്‍
എറണാകുളം - ലത്തീന്‍ കത്തോലിക്കന്‍
ചാലക്കുടി - നായര്‍/കൃസ്ത്യന്‍
തൃശ്ശൂര്‍ - ഈഴവന്‍ / കൃസ്ത്യന്‍
ആലത്തൂര്‍ - പട്ടികജാതി
പാലക്കാട് - ഈഴവന്‍
പൊന്നാനി - മുസ്ലീം
മലപ്പുറം - മുസ്ലീം
കോഴിക്കോട് - ഈഴവന്‍-തിയ്യന്‍ / മുസ്ലീം
വയനാട് - റോമന്‍ കത്തോലിക്കന്‍
വടകര - ഈഴവന്‍-തിയ്യന്‍
കണ്ണൂര്‍ ഈഴവന്‍-തിയ്യന്‍ / മുസ്ലീം
കാസര്‍കോട് - ഈഴവന്‍-തിയ്യന്‍ / കന്നഡിഗ"- പാവക്കൂത്ത്
അക്ഷരം പ്രതി ഇതു പാലിയ്ക്കപ്പെടുന്നു എന്നല്ല, എങ്കിലും ഏറെക്കുറെ ഇങ്ങനെ തന്നെയാണ്‌ സംഭവിയ്ക്കാറ്.

വീ.കെ.ബാല said...

പ്രീയമിത്രം ജോജു,
വീണ്ടും വന്നതിനും അഭിപ്രായം ഇട്ടതിനും നന്ദി.

സമദൂരത്തിന്റെ കാര്യം ഞാൻ മുകളിലെ ഒരുകമന്റിൽ പറഞ്ഞിരുന്നു, സമദൂരം എന്നാൽ എന്താണെന്ന്. പിന്നെ ഇടതു സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളിൽ എല്ലാം എൻ.എസ്.എസ്സിന് വീരോധം ഉണ്ട് എന്ന് പറയാൻ വയ്യ കാരണം കഴിഞ്ഞ ദിവസം അത്തരം ഒരു പ്രസ്ഥാവന പണിക്കർ സാർ നടത്തിയിരുന്നു. ചില കാര്യങ്ങളിൽ അവർ വിയോജിപ്പ് പ്രകടിപ്പിച്ചു.

പാവക്കൂത്തിന്റെ പോസ്റ്റ് ഞാൻ കണ്ടിരുന്നില്ല ഇതുതന്നെ ആണെങ്കിൽ അത് ഏതാണ്ടൊക്കെ ശരിതന്നെയല്ലെ കോൺഗ്രസ്സിന്റെ കാര്യത്തിൽ, ഇടതും പിന്നിലാണ് എന്ന് ഞാൻ കരുതുന്നില്ല അത് യാധൃശ്ചികമാവാം
ഒരിക്കൽ കൂടെ നന്ദി.

N.J Joju said...

കോൺഗ്രസ്സിന്റെ കാര്യത്തിൽ ശരി.
ഇടതിന്റെ കാര്യത്തിൽ യാദൃശ്ചികം.

ha..ha

വീ.കെ.ബാല said...

യാധൃശ്ചികമാവാം എന്നും യാധൃശ്ചികമാണ് എന്നതും രണ്ടും രണ്ടല്ലെ ജോജു… :)

വീ.കെ.ബാല said...

അരമനയിൽ നിന്നും ചങ്ങനാശ്ശേരിയിനിന്നും, കണിച്ചുകുളങ്ങരയിൽ നിന്നും, മലപ്പുറത്തുനിന്നും കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിമാരെയും, മന്ത്രിമാരെയും നിശ്ചയിക്കുന്ന കാലം വന്നാൽ അന്ന് അത് കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരിക്കില്ല കോൺഗ്രസ്സിന്റെ ബി-ട്രൂപ്പ് ആയിരിക്കും, അങ്ങനെ ഒരപചയം പാർട്ടിക്ക് ഉണ്ടാവില്ല എന്ന് തിർത്ത് പറയാം കാരണം ഈ പാർട്ടി വളർന്നത് ചങ്ങനാശ്ശേരി തമ്പ്രാക്കളുടെ നാലുകെട്ടിലെ എച്ചിൽ തിന്നല്ല. രാപകൽ വിയപ്പെഴുക്കുന്ന അധ്വാനിക്കുന്ന ജനവിഭാഗം കെട്ടി ഉയർത്തിയതാണ്, അത് എവിടേയും തലകുനിക്കില്ല.