Tuesday, June 9, 2009

മാരീചന്റെ അമ്പുകൾ തറയ്ക്കുന്നതെവിടെ…..

പ്രിയ മിത്രം മാരീചൻ,
പോസ്റ്റ് ഇടുകയും അതിൽ പ്രകോപനപരമായി എഴുതുകയും ചെയ്യുമ്പോൾ, അതുയർത്തുന്ന ചോദ്യങ്ങൾ താങ്കൾ മറുപടി പറയേണ്ടതല്ലെ?. വി.എസ്സിന്റെ ഭാഗത്തുനിന്നും പലതവണ പദവിക്ക് ചേരാത്ത പ്രയോഗങ്ങൾ വന്നിട്ടുണ്ട്, അന്നൊന്നും വീഎസ്സ് പാർട്ടിക്ക് പുറത്തായിരുന്നില്ലല്ലോ എന്തുകൊണ്ട് പാർട്ടി ശാസിച്ചില്ല. വീ എസ്സ് പാർട്ടിക്ക് അധീതനാണോ ? വിഗ്രഹങ്ങൾ കൂടിവന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും, കോൺഗ്രസ്സും തമ്മിൽ എന്താണ് വ്യത്യാസം ?പാർട്ടി പ്രവർത്തകർ ചീട്ട് കളിക്കുന്നതും, കള്ളുകുടിച്ച് ആഭാസം നടത്തുന്നതും വരെ എൽ.സി കളിൽ ചോദ്യം ചെയ്യപ്പെടുകയും, വിമർശിക്കുകയും, ഷോക്കോസ് നോട്ടീസ് നൽകുകയും ചെയ്യുന്ന പാർട്ടി അതായിരുന്നു ഞാൻ കണ്ട കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർസ്സിസ്റ്റ്. ഇന്ന് ആ പാർട്ടി എവിടെ നിൽക്കുന്നു ?കമ്മ്യൂണിസ്റ്റ്കാരന് അവൻ ജീവിക്കുന്ന സമൂഹത്തോട് ഒരുത്തരവാദിത്വമുണ്ട്, അങ്ങനെ ഉത്തരവാദിത്വമുള്ള ഒരു വ്യക്തിക്കെ കമ്മ്യൂണിസ്റ്റായിരിക്കാൻ സാധിക്കു. താങ്കൾ പറഞ്ഞപോലെ വീ എസ്സ്, “ആലങ്കാരിക “ പദപ്രയോഗങ്ങൾ നടത്തിയപ്പോൾ ഒക്കെയും ഈ പാർട്ടി നിശബ്ദമായിരുന്നു സ്വയം വീഎസ്സ് നാറട്ടെ എന്ന അർത്ഥത്തിൽ. കമ്മ്യൂണിസ്റ്റ് പാർട്ടി എന്നാൽ കണ്ണൂർകരുടെ പാർട്ടി എന്ന അവസ്ഥയാണ് ഇന്നുള്ളത്, ഇത് ഈ പ്രസ്ഥാനത്തെ നാശത്തിലേയ്ക്കേ നയിക്കു. വീ എസ്സ് എങ്ങനെ ചീരിക്കണം എന്ന് തീരുമാനിക്കുന്നതും ഇവിടുത്തെ കമ്മ്യൂണിസ്റ്റ് മുതലാളിമാരാണ്. കഴിഞ്ഞകുറേ കാലങ്ങളായി വ്.എസ്സ് ഉയർത്തിക്കാട്ടിയ കാര്യങ്ങൾ അദ്ദേഹത്തിന്റെ സ്വന്തം അക്കൌണ്ടിൽ പോയെങ്കിൽ അതിനും ഉത്തരവാദി പാർട്ടിതന്നെ. കഴിഞ്ഞദിവസത്തെ പത്രത്തിൽ കണ്ടു പിണറായി അഗ്നിശുദ്ധി വരുത്തി തിരിച്ചുവരും എന്ന്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ അടുത്തറിയാവുന്ന ഒരാളും കരുതുന്നില്ല പിണറായി പണം കൈക്കൂലി ആയി വാങ്ങി എന്ന്. ഇന്ന് ഇത്തരം ഒരു നാണം കെട്ട പട്ടം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വാങ്ങി തന്നതിൽ പാർട്ടിയലെ കണ്ണൂർ ചിന്താഗതിക്ക് വലിയ പങ്ക് ഉണ്ട്. പിണറായിയേക്കാളും എന്തുകൊണ്ടും മാന്യനാണ് കുടുംബ പാർട്ടിക്കാരനായ പി.ജെ, ജോസഫ് എന്ന ഒരു ധാരന ജനസമൂഹത്തിന് ഉണ്ടാക്കി കൊടുത്തതും പാർട്ടിതന്നെ ആണ്.

രാവിലെമുതൽ വൈകിട്ട് വരെ പാടത്തെ ചൂട് അറിഞ്ഞ് പണിയെടുത്ത പട്ടണി പാവങ്ങളുടെ പാർട്ടി ആയിരുന്നു സി.പി.എം, എന്റെ അമ്മയും അങ്ങനെ പാർട്ടിയെ വളർത്തിയ ലക്ഷക്കണക്കിന് കർഷകതൊഴിലാളികളിൽ ഒരുവളായിരുന്നു, അന്ന് 15 രൂപ കൂലികിട്ടുമ്പോൾ അരിവാങ്ങേണ്ട അതിൽ നിന്നും മിച്ചം പിടിച്ച് പാർട്ടി പ്രവർത്തന ഫണ്ടിലേയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. അത്തരം പാവങ്ങളുടെ മനസ്സിന്റെ ശാപം ഈ പാർട്ടിക്ക് കിട്ടാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പിണറായി വിജയനും, അദ്ദേഹത്തെ സപ്പോർട്ട് ചെയ്ത, സംരക്ഷിച്ച കമ്മ്യൂണിസ്റ്റ് പ്രഭുക്കന്മാരും ആണ്. ഇന്ന് ഈ പാർട്ടിയെ ജനമധ്യത്തിൽ നഗ്നനാക്കിയത്. ആദർശം കൈമോശംവന്ന നേതാക്കൾ ആണ് ഈ പാർട്ടിയുടെ ശാപം, ആക്ഷേപത്തിന് ഇടനൽകാതെ പൊതുപ്രവർത്തനം എന്ന പൂർവ്വികരുടെ ആദർശത്തെ കാറ്റിൽ പറത്തി നിയമവ്യവസ്ഥയെ കൈയ്യിലെടുക്കുന്ന ധാർഷട്യമായി ജനശക്തിയെ ഉപയോഗിക്കുന്നവർ ഈ പാർട്ടിയെ ഏത് പാളയത്തിലേയ്ക്കാണ് നയിക്കുന്നത്?

അഗ്നിശുദ്ധിവരുത്തി തിരിച്ചുവരും എന്ന ബോധോധയം ഇന്നാണോ ഉണ്ടായത്? പിണറായി തെറ്റ് ചെയ്തിട്ടില്ലങ്കിൽ അദ്ദേഹം ആദർശമുള്ള കമ്മ്യൂണിസ്റ്റായിരുന്നെങ്കിൽ സ്വയം വിചാരണയെ നേരിടണമായിരുന്നു. അദ്ദേഹത്തിന് വേണ്ടി വാദിക്കാൻ നരിമാനെ വേണമെങ്കിലും പാർട്ടിവിശ്വാസികൾ കൊണ്ടുവരുമായിരുന്നു. ചങ്കിലെ ചോരകൊടുത്തും നേതാക്കളെ സംരക്ഷിച്ചവർ ആണ് കമ്മ്യൂണിസ്റ്റുകൾ, നേതാക്കൾക്ക് വേണ്ടി കോൺഗ്രസ്സ് പടനയിച്ച പോലീസ് വേട്ടയിൽ പീഠനം സഹിച്ചവർ, ചുമച്ച് ചോരതുപ്പുന്ന, നിരവധി കമ്മ്യൂണിസ്റ്റുകൾ ഈ സമൂഹത്തിൽ ഇന്നും ജീവിക്കുന്നു. സമൂഹത്തിന് മുൻപിൽ നിയമത്തെ ഭയക്കുന്ന ഭീരു എന്ന ആൾരൂപമായി പാർട്ടി സെക്രട്ടറി മാറിപ്പോയിരിക്കുന്നു. കരിദിനം ആചരിച്ചപ്പോൾ ആ കരിയിൽ മുങ്ങിപ്പോയത് സഖാവ് പിണറായി വിജയൻ ആണ്. അഴിമതിയെ അധികാരം കൊണ്ട് നേരിടുന്ന നെറികെട്ട കോൺഗ്രസ്സ് രാഷ്ട്രീയം ആണ് പാർട്ടിയിൽ നിന്നും ജനങ്ങൾ ഈ കഴിഞ്ഞദിവസം കണ്ടത്,

മാരീചൻ ഈ പോസ്റ്റ് കൊണ്ട് വീ.എസ്സ് സംസ്കാരമില്ലാത്തവൻ ആണ് എന്ന് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് നിരർത്ഥകരമാണ്. വി.എസ്സിനേയും ആദ്ദേഹത്തിന്റെ ഭാഷയേയും ജനത്തിനറിയാം, സംസ്കാരമുള്ള നിർഗ്ഗുണനെക്കാൾ, സംസ്കാരമില്ലാത്തെ ഉപകാരിയെ ആയിരിക്കും ജനം സ്വീകരിക്കുക. വി.എസ്സ് ഉയർത്തുന്ന അനിവാര്യമായ കാര്യങ്ങൾ അത് പാർട്ടിയുടെ നിലപാടാണ് എന്ന് പറയുമ്പോൾ അത് അങ്ങനെ അല്ല എന്ന് ആവർത്തിച്ച് വിളിച്ചുപറയുന്നില്ലെ അതുയർത്തുന്ന പ്രശ്നങ്ങൾ, കിളിരൂർ കവിയൂർ കേസുകൾ (പെൺവാണിഭം) മൂന്നാർ ശുദ്ധീകരണം, (ഭൂ മാഫിയകൾക്കെതിരെ ഉള്ള ശക്തമായ നീക്കം) തുടങ്ങിയ നടപടികൾ. ലാവ്ലിൻ പ്രശ്നത്തിലെ വിയോജിപ്പ് എന്നിവ.

വീ. എസ്സ്, താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ സംസ്കാരമില്ലാത്ത നേതാവ് എന്നും ജനപക്ഷത്തായിരുന്നു. അതാണ് അദ്ദേഹത്തിന്റെ വിജയവും, പരിപ്പുവട അല്ല നമുക്കാവശ്യം ബിരിയാണി ആണ് എന്ന് പറയാൻ അറപ്പില്ലാത്തെ കമ്മ്യൂണിസ്റ്റ് മുതലളിമാർ തീർക്കുന്ന നെരിപ്പോടിലാണ് ഈ പാർട്ടി. തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ മൂലകാരണം ഞാൻ മുകളിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് എന്ന് അടിവരയിട്ട് പറയാം, എന്നാൽ പാർട്ടി സെക്രട്ടറിയേറ്റ് കണ്ടുപിടിച്ചത് വീ എസ്സിന്റെ “നയങ്ങൾ” ആയിരുന്നു എന്നാണ് പിന്നെ പാതിരിമാരുടെ ചൊറിച്ചിലും, പാർട്ടി വളർന്ന വഴിയെ അറിഞ്ഞിരുന്നു എങ്കിൽ ഒരു കമ്മ്യൂണിസ്റ്റുകാരനും അരമന നിരങ്ങാൻ പോകില്ലായിരുന്നു. മൂന്നാറും, പെൺവാണിഭ കേസ്സുകളും വിജയിച്ചിരുന്നെങ്കിൽ, കേരളം എന്നന്നേയ്ക്കുമായി കോൺഗ്രസ്സിന് നഷ്ടമാകുമായിരുന്നു. വീ എസ്സിനെ പാർട്ടിയിൽ നിന്നും ഒഴിവാക്കിയാലും അയാൾ ഉയർത്തിയ ആദർശങ്ങൾ പാർട്ടിക്ക് പുതുജീവൻ നൽകും എന്നു കരുതാം,വീ എസ്സ് എന്നത് 85 കഴിഞ്ഞ ഒരു വൃദ്ധൻ മാത്രമാണ് എന്നാൽ അയാളിലെ കമ്മ്യൂണിസ്റ്റ്കാരൻ ഉയർത്തുന്ന ജീവിതമൂല്ല്യങ്ങൾ അത് ഒരു കമ്മ്യൂണിസ്റ്റിന്റേതാണ് ആ മൂല്ല്യത്തിനാണ് ജനങ്ങൾ പിന്തുണ നൽകുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയെങ്കിലും വീ.എസ്സ് വീരുദ്ധർക്ക് ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു പിണറായി വിജയനിൽ കാണാതിരുന്നത് ഈ ആദർശമാണ്….

"കാച്ചിത്തിളപ്പിച്ച പാലില്‍ കഴുകിയാല്‍
കാഞ്ഞിരക്കായിന്റെ കയ്പു ശമിക്കുമോ"


അതെ മാരീച പിൻഗാമികൾ ആ കയ്പ്പ് അനുഭവിച്ചവർ ആണ്, കമ്മ്യൂണിസവും ഒരുതരം കയ്പ്പാണ്, സുഖലോലുപതയുടെ മധുരം നുണയുന്നവർക്ക് ആ കയ്പ്പ് അരോചകമായിരിക്കും

ലാൽ സലാം
പക്ഷക്കാരനല്ലാത്ത ഒരു കുഞ്ഞ്കമ്മ്യൂണിസ്റ്റ്


വേണുവിന്റെ ഭക്തിഗാനം ഏഷ്യ നെറ്റ് ന്യൂസ് അവറിൽ




കടപ്പാട് ഇതിന്റെ സൃഷ്ടാവിനോട്

7 comments:

വീ.കെ.ബാല said...

അതെ മാരീച പിൻഗാമികൾ ആ കയ്പ്പ് അനുഭവിച്ചവർ ആണ്, കമ്മ്യൂണിസവും ഒരുതരം കയ്പ്പാണ്, സുഖലോലുപതയുടെ മധുരം നുണയുന്നവർക്ക് ആ കയ്പ്പ് അരോചകമായിരിക്കും

സന്തോഷ്‌ പല്ലശ്ശന said...

15 രൂപ കൂലികിട്ടുമ്പോൾ അരിവാങ്ങേണ്ട അതിൽ നിന്നും മിച്ചം പിടിച്ച് പാർട്ടി പ്രവർത്തന ഫണ്ടിലേയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. അത്തരം പാവങ്ങളുടെ മനസ്സിന്റെ ശാപം ഈ പാർട്ടിക്ക് കിട്ടാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ബാല... ഇവിടെ നാം പ്രാര്‍ഥിക്കുകയല്ല വേണ്ടത്‌ പ്രതികരിക്കുക അതിശക്തമായി...

വീ.കെ.ബാല said...

വീണ്ടും വീണ്ടും പിളർപ്പിലേയ്ക്ക് പോകുന്ന ഒരു കുടുംബ പാർട്ടിഅ ആകരുതെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് ഞങ്ങളെ പോലുള്ളവർ പ്രതികരിക്കാത്തത്, സന്തോഷ് അഭിപ്രായം പറഞ്ഞതിന് നന്ദി, വീണ്ടും വരുക

വീ.കെ.ബാല said...
This comment has been removed by the author.
saju john said...

വന്നു, കണ്ടു, വായിച്ചു, കീഴടക്കി.

saju john said...

കമന്റ് മോഡറേഷന്‍ ഒഴുവാക്കുക.

താങ്കളെ പോലെയുള്ള ജനാധിപത്യവാദിക്ക് യോജിച്ച സമീപനമല്ലത്.....

ഒരു വെടിയുണ്ട, ഒരു വിരിമാറ്......ബാക്കി പൂരിപ്പിക്കുമല്ലോ...

തുടര്‍ന്നും എഴുതുക. ഭാവുകങ്ങള്‍

വീ.കെ.ബാല said...

നന്ദി, സാജു (നട്ടപിരാന്തൻ) ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും