ഗൾഫ് എന്നും മലയാളികൾക്ക് പറുദീസ ആണ് (ആയിരുന്നു ?). എന്റെ ഇന്നലകളിൽ അങ്ങനെ ചില കാഴ്ച്ചകൾ കണ്ടിട്ടുമുണ്ട്. എന്റെ കൊച്ചഛൻ (അച്ഛന്റെ അനുജൻ) കുറേക്കാലം സൌദിയിൽ ആയിരുന്നു ജോലിചെയ്തിരുന്നത്. അദ്ദേഹം നാട്ടിൽ വരുമ്പോൾ വീട്ടിൽ ഭയങ്കര ആഘോഷമാണ്, ഒരു ഉത്സവ പ്രതീതി, അകാരണമായി കത്തിക്കിരയാവുന്ന കോഴികൾ ഒരു നിത്യ കാഴ്ച്ചയായിരുന്നു. ഞങ്ങൾക്ക് കരുതിയിരിക്കുന്ന തുണിയും “ഹീറോ പെൻ” ഉം വാങ്ങി ഞങ്ങൾ പിൻവാങ്ങും, പിന്നെ അപ്പച്ചിമാരും ജേഷ്ടത്തിമാരും, കുഞ്ഞമ്മമാരും “കയറി ഇറങ്ങി” കഴിയുമ്പോൾ കൊണ്ടുവന്ന പെട്ടികൾ സുനാമിയിൽ പെട്ടപോലെ ആകും. എല്ലാം കൊടുത്ത് മഹാബലി ആകുന്ന പ്രവാസി, കൊടുക്കലിലൂടെ മനസ്സ് നിറയുന്ന പ്രവാസി, അവന്റെ രണ്ടാം ഭാഗം ഏറെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കൾ ഒഴികെ ആരുമായി പങ്കിടാറില്ല.
രണ്ടായിരത്തിമൂന്ന്, ചരമസൂര്യന്റെ തീക്കണ്ണുകൾക്ക് അല്പം പോലും തീഷ്ണത കുറവായിരുന്നില്ല, കെ.പി.റ്റി.സി ബസ്സിൽ (ഫാഹഹീൽ) ഫാഹീലിലേയ്ക്ക് ഞാൻ യാത്ര തിരിച്ചു എന്റെ അയൽക്കാരനും സുഹൃത്തുമായ ബൈജുവിനെ കാണാൻ. പതിനഞ്ച് മിനിട്ട് യാത്രയെ ഉണ്ടായിരുന്നുള്ളു. ബസ്സിൽ നിന്നും ഇറങ്ങി ബി.ഇ.സി ലെയിനിലൂടെ ഞാൻ മുൻപോട്ട് നടന്നു അവൻ ബി.ഇ.സി യുടെ മുൻപിൽ തന്നെ എന്നെക്കാത്ത് നിൽപ്പുണ്ടായിരുന്നു. എനിക്ക് ആദ്യം ആളെ മനസ്സിലായില്ല. മൂന്നുമാസത്തെ കുവൈറ്റ് ജീവിതം അവനെ അത്രയ്ക്ക് മാറ്റിമറിച്ചിരുന്നു. അൻപത്വർഷം പിന്നിലെ പൌരഷമായിരുന്നു അവന്റെ മുഖത്ത്, നന്നേ ക്ഷീണിച്ച് അവശനായിരുന്നു. എന്തോ എനിക്കവനെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട് തോന്നി. ജീവിത പ്രാരാബ്ധത്തിൽ നിന്നും കരകയറാൻ അറബിക്കടൽ താണ്ടിയവനെ കാത്തിരുന്നത് അടിമ വേല ആയിരുന്നു. ഞാനവനോട് കാര്യങ്ങൾ തിരക്കി, അവന്റെ സ്വരത്തിൽ ക്ഷീണം ഒന്നും ഇല്ലായിരുന്നു മനസ്സിനെ മെരുക്കി എടുത്ത് സ്വയം അടിമയുടെ ഉത്തരവാധിത്വങ്ങൾ മനസ്സിലാക്കി ജീവിക്കാൻ തുടങ്ങിയിരിക്കുന്നു. അറബിയുടെ ശാരീരിക മാനസ്സിക പീഠന കഥ വളരെ നിസാരമായി അവൻ പങ്കുവച്ചു. ഞാൻ അവനെ ഏതെങ്കിലും തരത്തിൽ സഹായിക്കാൻ പ്രാപ്തനായിരുന്നില്ല. ശാരീരിക പീഠനം ഇല്ല എന്നതൊഴിച്ചാൽ ഞാനും ഒരു അടിമയായിരുന്നു, വൈദേശികരുടെ കീഴിൽ ജോലിചെയ്യാൻ നിർബന്ധിതനായ ഒരു പ്രവാസി അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് അടിമത്തം സ്വീകരിച്ചവൻ.
ബൈജു 2003 കളിൽ നാട്ടിലെ ചിലകമ്പനികളിൽ ജോലിചെയ്ത് വരുമ്പോൾ ആണ് സഹോദരിയുടെ വിവാഹം നടക്കുന്നത്, വിവാഹത്തിന്റെ നടത്തിപ്പിനായി അവന് കുറെതുക കടം വാങ്ങേണ്ടി വന്നു. ഒരുവർഷം കഴിഞ്ഞിട്ടും കൊടുക്കാൻ പറ്റാതെ വന്നപ്പോൾ ആണ് അവൻ ഗൾഫ് എന്ന പറുദീസ തേടി ഇറങ്ങിയത്. കുവൈറ്റിൽ നിന്നും വന്ന മുരളി എന്നയാളുടെ പക്കൽ വിസ ഉണ്ട് എന്ന് ഒരു പരിചയക്കാരൻ പറഞ്ഞപ്പോൾ അവൻ കൂടുതൽ ഒന്നും ആലോചിച്ചില്ല. കുറച്ച്കാലം കഷ്ടപ്പെട്ടാലും അതിന് പ്രയോജനം ഉണ്ടാകും എന്ന ചിന്തയും ഏജന്റിന്റെ മോഹന വാഗ്ദാനത്തിൽ മനം മയങ്ങുന്നവരിൽ ഒരാളായി അവനും. കഫീലിൽ (സ്പോൺസർ) ന്റെ കയ്യിൽ നിന്നും തന്റെ ബന്ധുവിനെന്നും പറഞ്ഞ് പണച്ചിലവില്ലാതെ കൈക്കലാക്കിയ വിസ പല കൈമറിഞ്ഞ് ബൈജുവിന്റെ കയ്യിൽ എത്തിയപ്പോൾ അതിന് എൺപതിനായിരം രൂപയുടെ ഭാരം ഉണ്ടായിരുന്നു. എൻപതിനായിരം എന്ന് കേട്ടപ്പോൾ പിൻവാങ്ങി എങ്കിലും, അന്നത്തെ രാത്രി അവന് ഉറക്കം വന്നില്ല, സ്നേഹത്തോടും വാത്സല്ല്യത്തോടും പണം നൽകിയവരെ ഒരു വർഷമായിട്ടും നിരാശപ്പെടുത്തേണ്ടി വന്നതോർത്തപ്പോൾ, തന്റെ രക്ഷക്കായ് എത്തിയതാണ് ഈ വിസ എന്ന് അവൻ സ്വപ്നം കണ്ടു. അടുത്തദിവസം അളിയനോടും, മറ്റ് ബന്ധുക്കളോടും സംസാരിച്ചു, രക്ഷപെടുന്ന കാര്യമല്ലെ എന്ന് കരുതി പലരും സഹായിക്കാൻ തയ്യാറായി. ബൈജു വീണ്ടും മുരളിയെ വിളിച്ചു, ജോലിയെ കുറിച്ച് അന്വേഷിച്ചു ശമ്പളത്തെക്കുറിച്ച് ഒന്നും സംസാരിച്ചില്ല, ഗൾഫല്ലെ നല്ലകാശായിരിക്കും എന്ന ചിന്ത അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു
കഫീലിന്റെ വഫ്രയിലുള്ള ഗസ്റ്റ് ഹൌസിൽ വാച്ച്മാൻ/കുക്ക് ആയിട്ടായിരുന്നു ജോലി പറഞ്ഞത്, കുക്ക് എന്ന് പറഞ്ഞാൽ അറബി-ബിരിയാണി ഉണ്ടാക്കാൻ അറിയണം, പിന്നെ അത്യാവശ്യം വേണ്ട ഭക്ഷണത്തിന്റെ ഒക്കെ പേർ ഏജന്റ് പറഞ്ഞുകൊടുത്തു.ഇനീ എങ്ങനെ ഒരു കുക്കാവാം എന്ന ചിന്തയിലായിരുന്നു ബൈജു ആലപ്പുഴയിലെ ഒരു ഹോട്ടലിൽ നിന്നും അത്യാവശ്യം പാചകം ( ബിരിയാണി ഉണ്ടാക്കാനും മറ്റും ) പഠിച്ചു ( ?) പിന്നെ എല്ലാം പെട്ടന്നായിരുന്നു. ബൈജുവും പ്രവാസിയായി.എഴുപത്തിയഞ്ചുവയസ്സിന് മേൽ പ്രായമുള്ള ഒരു കുവൈറ്റി ആയിരുന്നു അവന്റെ കഫീൽ “ ഗഫൂർ ഇക്ക “ പഠിപ്പിച്ച അറബിമാത്രമേ വശമുള്ളു കുവൈറ്റി സംസാരിക്കാൻ തുടങ്ങുമ്പോഴെ ബൈജുവിന്റെ ശരീരം വിറയ്ക്കാൻ തുടങ്ങും, മരുഭൂമിയിലെ ഒറ്റപ്പെട്ട വീടായിരുന്നു അവന്റെ ജോലിസ്ഥലം ഏജന്റ് പറഞ്ഞതുപോലെ അത് ഒരു ഗസ്റ്റ് ഹൌസ് ആയിരുന്നു വല്ലപ്പോഴും കിളവൻ കുവൈറ്റി അവിടെ എത്തും. ഒരുവിധത്തിൽ കാര്യങ്ങൾ ഒക്കെ മുന്നോട്ട് നീങ്ങി, ഹമാർ എന്ന് സീൽക്കാരത്തോടെ പാഞ്ഞ്ടുക്കുന്ന വൃദ്ധന്റെ കൈകൾ പലപ്പോഴും മൃദുത്വം കാട്ടിയിരുന്നില്ല, ഒരു അടിമയ്ക്ക് കിട്ടാവുന്ന എല്ലാ മാന്യതയും അവൻ ആ കാലയളവിൽ അനുഭവിച്ചു.
പീഠനത്തിന്റെ പുത്തൻ പുലരി സമ്മാനിച്ചുകൊണ്ട് ബൈജു കുവൈറ്റിയുടെ വീട്ടിലേയ്ക്ക് മാറ്റപ്പെട്ടു. അവിടെ നാല് മലയാളികളും ഒരു സിലോണിയും പിന്നെ അടുക്കളക്കാരികളും പുറമ്പണിക്കാരികളുമായി, ഫിലിപ്പിനോ ഇൻഡോനേഷ്യൻ യുവതികളും. എല്ലാവരും സന്തോഷത്തോടെ അവനെ സ്വീകരിച്ചു, തങ്ങളിലേയ്ക്ക് ഒരുവൻ കൂടി. കുവൈറ്റിക്ക് രണ്ട് ഭാര്യമാർ ഉണ്ടായിരുന്നു പിന്നെ ഇവരുടെ പത്തോളം മക്കളും കൊച്ചുമക്കളും (പേരക്കുട്ടികൾ) ഒരു ചെറിയ സന്തുഷ്ടകുടുംബം. കഫീലിന്റെ രണ്ടാമത്തെ ഭാര്യ ബൈജുവിനെ ശരിക്കും വിഷമിപ്പിച്ചു അവന്റെ പ്രവർത്തിയിൽ തെറ്റ് കണ്ടുപിടിക്കുക അത് ഭർത്താവിനോട് പറഞ്ഞ് വഴക്ക് കേൾപ്പിക്കുക എന്നത് അവരുടെ ഹോബിയായി. ഭാഷ മനസ്സിലാക്കിത്തുടങ്ങിയപ്പോൾ കാര്യങ്ങൾ ഒരു വിധം നേരെ ആയി എന്നു പറയാം. എതാണ്ട് ഒരു വർഷത്തോളം ശാരീരികവും മാനസികവുമായ പീഠനങ്ങൾ ഏൽക്കേണ്ടി വന്നു.
നാട്ടിൽ 6000 രൂപ ശമ്പളത്തിൽ ജോലിനോക്കിയിരുന്നവൻ കുവൈറ്റിൽ അറബിയുടെ അടിമയായി 4500 രൂപ (30 കെഡി) ശമ്പളത്തിൽ മൂന്ന് വർഷം ജോലിചെയ്തു, ഭക്ഷണം കിട്ടാതിരുന്ന ദിനങ്ങൾ നിരവധി, പുറത്ത് നിന്നും ഒരുതുള്ളി വെള്ളം പോലും കുടിക്കാതെ ഈ നാലായിരത്തി അഞ്ഞൂറ് രൂപ ചേർത്തുവച്ച് ഏജന്റിന് കൊടുത്ത കടം വീട്ടി ഏകദേശം ഒന്നര വർഷം…… നാട്ടിലെത്തുമ്പോൾ അവന്റെ സമ്പാദ്യം അല്പം ഷുഗറും ഇത്തിരി പ്രഷറും ആയിരുന്നു…..
എന്തുകൊണ്ട് നാം ഇങ്ങനെ ഒക്കെ ആകുന്നു. കുവൈറ്റിലേയ്ക്ക് തിരിക്കുന്നതിന് മുൻപ് ഒരു തവണപോലും അവൻ തനിക്കവിടെ കിട്ടുന്ന ശമ്പളത്തെക്കുറിച്ച് ഏജന്റിനോട് ചോദിച്ചിരുന്നില്ല, ഇവിടെ കിട്ടിയതൊക്കെ സ്വന്തമാക്കി ഗൾഫ്കാരനായി, നമ്മുടെ മാധ്യമങ്ങൾ കൂട്ടിക്കൊടുപ്പുകാരന്റെ വേഷത്തിലാണ് മലയാളിയെ കുടുക്കുന്നത്. മുഖ്യധാര മാധ്യമത്തിൽ വരുന്ന ആകർഷ്കമായ പരസ്യങ്ങളിൽ കുടുങ്ങിയാണ് നമ്മളിൽ പലരും അപകട ചുഴികളിൽ പതിക്കുന്നത്. പൈസ ഉണ്ടെങ്കിൽ ആർക്കും റിക്രൂട്ട്മെന്റ് പരസ്യം നൽകാം, ഈ പരസ്യം നൽകുന്ന കമ്പനികളിൽ രജിസ്റ്റർ ചെയ്തവ വളരെ ചുരുക്കമായിരിക്കും, ഈ ഇന്റർവ്യൂവിന് സ്ഥലം ഒരുക്കിക്കൊടുക്കുന്ന വൻകിട ഹോട്ടലുകളും ഈ പാവങ്ങളെ ചതിക്കുഴിയിൽ പ്പെടുത്താൻ കൂട്ടുനിൽക്കുന്നു. നമ്മുടെ ഭരണകർത്താക്കൾ ഈ വക കാര്യങ്ങൾ ഒന്നും കാണാറില്ല, കഴിഞ്ഞ അറുപത് വർഷത്തിനിടയ്ക്ക് കേന്ദ്ര സർക്കാരിന് ഇങ്ങനെ ഒരു സംഭവത്തെപ്പറ്റി അറിയില്ലായിരുന്നു ഒരു പ്രവാസകാര്യ മന്ത്രാലയം വന്ന് വീണ്ടും വർഷങ്ങൾ കഴിഞ്ഞപ്പോൾ ആണ് അനധികൃത റിക്രൂട്ടിംഗ് ഏജൻസികൾ ഇന്ത്യയിൽ ഉണ്ടെന്നകാര്യം നമ്മുടെ സർക്കാർ മനസ്സിലാകുന്നത്, ഭരണ ശുഷ്ക്കാന്തി അപാരം തന്നെ. കേരളത്തിൽ ഇന്നും വിസാക്കച്ചവടം തകൃതിയായി നടക്കുന്നു, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എന്നും പറഞ്ഞ് സംഘടിപ്പിക്കുന്ന ഈ വിസകൾ പതിനായിരങ്ങൾ വിലപറഞ്ഞ് വിൽക്കുന്നു അങ്ങാടികച്ചവടക്കാരന്റെ നിപുണതയോടെ കുറെ ജീവിതങ്ങളെ തല്ലിക്കെടുത്തുന്നു.
നിർജീവമായ സർക്കാർ യന്ത്രത്തിന്റെ പിൻബലത്തോടെ ചവുട്ടികേറ്റപ്പെടുന്ന ഈ ജീവിതങ്ങൾ പുറംനാട്ടിൽ തങ്ങളെകാത്തിരിക്കുന്ന പീഠന മുറകളെ മനസ്സിലാക്കിയിട്ടില്ല. മനസ്സിലാക്കിയവരാകട്ടെ സമൂഹത്തിന്റെ മുന്നിൽ അത് തുറന്ന് കാട്ടാൻ വിമുഖത കാട്ടുന്നു, തിളങ്ങുന്ന പട്ടുകുപ്പയവുമിട്ട് അത്തറും പൂശി വിമാനമിറങ്ങുന്ന ഈ പാവങ്ങൾ. സ്വന്തം വീട്ടിലെത്താൻ കാറിന് വാടക നൽകുന്നത് തന്റെ ഒരു മാസത്തെ ശമ്പളമായിരിക്കും. തിളങ്ങുന്ന കണ്ണുകളിൽ പൊടിയുന്ന നീർക്കണങ്ങൾ ആരും കാണാറില്ല. അവന്റെ മണിപഴ്സിൽ അവശേഷിക്കുന്ന നാണയത്തുട്ടുകളെ സ്വന്തമാക്കാൻ, അവന്റെ വിയർപ്പ് ഗന്ധമുള്ള കുപ്പായം സ്വന്തമാക്കാൻ , കഴുത്തിൽ തൂങ്ങുന്ന മഞ്ഞലോഹം അടർത്തി മാറ്റാൻ…., നാമുൾപ്പെടുന്ന ബന്ധുക്കൾ ഉത്സാഹിക്കുമ്പോൾ രക്ത ബന്ധത്തിന്റെ വില അറിയുന്ന പ്രവാസി എല്ലാം ഊരിനൽകി നിർദ്ധനനാവും….ഇതിൽ അറബിപ്പൊന്ന് വാരാൻ വന്ന് മാനം വിറ്റ് ജീവിക്കേണ്ടിവരുന്ന സഹോദരിമാർ ഉണ്ട്, ജീവൻ നിലനിർത്താൻ സ്വയം വിറ്റഴിയുന്നവരുണ്ട്, ചതിയിൽപ്പെട്ട് കണ്ണീർ വാർക്കുന്ന ആയിരങ്ങൾ…. ശരിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതെ ഗൾഫിൽ ജോലിക്കായ് ശ്രമിക്കരുത്, അങ്ങനെ ചയ്താൽ നിങ്ങൾ എത്തിപ്പെടുന്നത് സ്വയം അടിമത്തത്തിലേക്കായിരിക്കും, നിങ്ങളെ കാത്ത് പുത്തൻ പീഠന മുറകൾ ഉണ്ടാകും…….സഹോദരാ ഒരാവർത്തി കൂടെ ചിന്തിക്കുക.
(തുടരാം )
Tuesday, December 29, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment